വെള്ളപ്പൊക്കം ബാക്കിവെച്ചത്...

തിരുവല്ല : വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മാലിന്യം തോട്ടിലും കൃഷിഭൂമിയിലും അടിഞ്ഞു. കുറ്റൂർ മേഖലയിൽ വിവിധയിടങ്ങളിൽ മാലിന്യം അടിഞ്ഞുകിടക്കുന്നത് കാർഷകർക്കും നാട്ടുകാർക്കും ദുരിതമായി.
ചേരിക്കൽ തോട്ടിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യത്തിന്റെ വലിയ ശേഖരമുണ്ട്. ഉപയോഗിക്കാത്ത മരുന്നുകൾവരെ ഇക്കൂട്ടത്തിലുണ്ട്. മണിമലയാറ്റിൽനിന്ന് മധുരംപുഴ ചാലുവഴി തെങ്ങേലി ആഞ്ഞിലിക്കുഴിയാറ് വരെയുള്ളതാണ് ചേരിക്കൽ തോട്. കോതാട്ടുചിറ കലുങ്കിന് സമീപം നിലം നികത്തിയതോടെയാണ് ഇതുവഴി നീരൊഴുക്ക് കൃത്യമല്ലാതായത്. ഇതോടെ വെള്ളപ്പൊക്കത്തിലെത്തുന്ന മാലിന്യം ഇവിടെത്തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയായി. താലൂക്ക് അദാലത്തിൽ തോടിന് ആഴവും വീതിയും കൂട്ടുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും പിന്നീട് നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
നീരൊഴുക്ക് തടസ്സമായതോടെ എം.സി. റോഡിന് കിഴക്കുവശമുള്ള കടകളിലും 400-ഓളം വീടുകളിലും വെള്ളം കയറി കോടികളുടെ നാശനഷ്ടമുണ്ടായി. തോടിന് സമീപം 15 ഏക്കറോളം കൃഷിയിടങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം അടിഞ്ഞിട്ടുണ്ട്. കർഷകർ കൂലിക്ക് ആളിനെ നിർത്തി ഭൂമി തെളിച്ചെടുക്കുകയാണിപ്പോൾ.