തെള്ളിയൂർ വൃശ്ചികവാണിഭം: 20 ഇ-ശൗചാലയം തുറക്കും

തെള്ളിയൂർക്കാവ് : നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിൽ 20 ഇ-ടോയ്ലറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. നിലവിലുള്ള ശൗചാലയം തകരാറിലായതിനാലാണിത്. മാലിന്യസംസ്കരണത്തിന് കൃത്യമായ പദ്ധതി ഉറപ്പാക്കണമെന്ന് പഴകുളം മധു എം.എൽ.എ. ആവശ്യപ്പെട്ടു.
വാണിഭവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളും പഞ്ചായത്തും ദേവസ്വം ബോർഡും ഒരുക്കേണ്ട ക്രമീകരണങ്ങൾ വിലയിരുത്താൻ തെള്ളിയൂർക്കാവ് ക്ഷേത്രം ഇടത്താവളത്തിൽ ചേർന്ന ആലോചനായോഗത്തിലാണ് എം.എൽ.എ. ദേവസ്വം ബോർഡിനും പഞ്ചായത്തിനും ശുചിത്വ മിഷനും സംഘാടക സമിതിക്കും നിർദേശം നൽകിയത്. പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമ സേന ശേഖരിക്കണം. ജൈവമാലിന്യ സംസ്കരണത്തിന് പഞ്ചായത്തുമായി ആലോചിച്ച് ദേവസ്വം ബോർഡ് പദ്ധതി തയ്യാറാക്കണം. ലൈസൻസ് നൽകുമ്പോൾതന്നെ മാലിന്യം നീക്കുന്നത് സംബന്ധിച്ച് കട ഉടമകൾക്ക് ദേവസ്വം ബോർഡ് വ്യക്തമായ അറിയിപ്പ് നൽകണം. കൃത്യമായ ചട്ടങ്ങൾ പാലിക്കാത്തവരിൽനിന്ന് പഞ്ചായത്ത് പിഴയീടാക്കണം.
കടകളിൽ ജോലിചെയ്യുന്നവരുടെ തിരിച്ചറിയൽ രേഖ ദേവസ്വം ബോർഡ് ശേഖരിച്ച് സൂക്ഷിക്കുന്നതിനോടൊപ്പം പഞ്ചായത്തിനും കൈമാറണം. ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന കടകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ താത്കാലിക ലൈസൻസ് എടുക്കണം. ഗതാഗത തടസ്സമുണ്ടാകാതെ വാഹനങ്ങൾ പാർക്കുചെയ്യാൻ സംഘാടക സമിതി ക്രമീകരണമൊരുക്കണം. ഇരുചക്രവാഹനങ്ങൾ, മറ്റ് വാഹനങ്ങൾ എന്നിവയ്ക്ക് പാർക്കിങ്ങിന് വെവ്വേറെ സ്ഥലം കണ്ടെത്തണം. കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ ക്രമീകരിക്കണം. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കണം. വകുപ്പുകളും പഞ്ചായത്തും ദേവസ്വം ബോർഡും ഏകോപനത്തോടെ പ്രവർത്തിച്ച് വാണിഭത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് എം.എൽ.എ. നിർദേശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ നായർ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ സതീഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുരളി വേങ്ങഴ, ജിജി പി.എബ്രഹാം, മല്ലപ്പള്ളി തഹസിൽദാർ ഡി.അജയൻ, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ എസ്. പ്രീത, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.ജി. സതീഷ് കുമാർ, പോലീസ്, എക്സൈസ് വകുപ്പുകളുടെയും കെ.എസ്.ആർ.ടി.സി.യുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.