തടസ്സമില്ലാതെ വൈദ്യുതിയെത്തിക്കും

പത്തനംതിട്ട : ശബരിമലയിലെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് കെ.എസ്.ഇ.ബി.. സന്നിധാനത്തും നിലയ്ക്കൽ ബേസ് ക്യാമ്പിലും പ്രവർത്തനരഹിതമായ ഫ്ലഡ്, എൽ.ഇ.ഡി. വിളക്കുകൾ തുടങ്ങിയവ മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി. 3450 സ്ഥിരം വിളക്കുകൾക്കു പുറമേ മണ്ഡലകാലത്തേക്ക് 1600 താത്കാലിക വിളക്കുകളും സ്ഥാപിച്ചു.
പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആവശ്യപ്രകാരം പുതിയ പാർക്കിങ് ഗ്രൗണ്ടിലും വഴിവിളക്കുകൾ സ്ഥാപിക്കുന്നുണ്ട്. പമ്പയിലെയും സന്നിധാനത്തെയും കേബിൾ, ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണി പൂർത്തിയായി.
നിലയ്ക്കൽ ബേസ് ക്യാമ്പിൽ ഓവർഹെഡ് ലൈൻ കണ്ടക്ടറുകൾ ഒഴിവാക്കി ലോ ടെൻഷൻ എ.ബി.സി. ആക്കി. പുതിയ എ.ബി. സ്വിച്ചുകൾ, വന്യജീവികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇൻസുലേഷനുകൾ, വനംവകുപ്പിന്റെ ആവശ്യപ്രകാരം മങ്കിഗാർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പൂർണമായും കവചിതമായ വൈദ്യുതലൈനുകളാണ് ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ളത്. 18.3 കിലോമീറ്റർ ഹൈ ടെൻഷൻ ലൈനും 20.1 കിലോമീറ്റർ ലോ ടെൻഷൻ ലൈനും 38 വിതരണ ട്രാൻസ്ഫോർമറുകളും ശബരിമല മേഖലയിലുണ്ട്.
നിലയ്ക്കൽ ബേസ് ക്യാമ്പിൽ കക്കാട് സബ്സ്റ്റേഷനിൽനിന്നുള്ള രണ്ട് 11 കെ.വി.ഫീഡറുകളിൽ നിന്നാണ് വൈദ്യുതിയെത്തുന്നത്. കക്കാട് സബ് സ്റ്റേഷനിൽനിന്ന് തടസ്സം ഉണ്ടായാൽ എരുമേലി സബ്സ്റ്റേഷനിൽനിന്നും മൂഴിയാർ പവർഹൗസിൽനിന്നും വൈദ്യുതി എത്തിക്കാൻ ലൈനുകൾ നിലവിലുണ്ട്. ത്രിവേണി, പമ്പ എന്നീ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന ശബരിഗിരി-കൊച്ചുപമ്പ ലൈൻ, വണ്ടിപ്പെരിയാർ-കൊച്ചുപമ്പ ലൈൻ, കൊച്ചുപമ്പ-ത്രിവേണി ലൈൻ എന്നിവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി.
റോഡരികിലെ പോസ്റ്റുകൾ തിരിച്ചറിയാനും അപകടം ഒഴിവാക്കാനും ഡ്രൈവർമാരുടെ ശ്രദ്ധയ്ക്കായി റിഫ്ലക്ടിങ് സ്റ്റിക്കറുകൾ സ്ഥാപിക്കുന്നുണ്ട്. വാഹനാപകടംമൂലം പോസ്റ്റുകൾ ഒടിയുകയോ വൈദ്യുതി തടസ്സപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ ബാക്ക് ഫീഡിങ് സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കും. അതിനായി കരാറുകാരെയും ചുമതലപ്പെടുത്തി.