ഓട്ടത്തിനിടെ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ചെട്ടിമുക്ക് : ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും തീപിടിച്ച് കത്തിനശിച്ചു. ഞായറാഴ്ച ചെട്ടിമുക്ക്- ആറാട്ടുപുഴ റോഡിൽ മാർത്തോമ്മാ പള്ളിക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ്‌ സംഭവം. കാറിൽ വാഹനം ഉടമ കോട്ടയം കങ്ങഴ ലക്ഷ്മിനിവാസിൽ പി.സി. രാജേഷ് കുമാറും രണ്ട് ബന്ധുക്കളും ഒരു കുട്ടിയും ഉണ്ടായിരുന്നു. മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ വാഹനം നിർത്തിയെങ്കിലും തീ പടരുകയായിരുന്നു. അപകടം മനസ്സിലാക്കി വാഹനത്തിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി.

തിരുവല്ലയിൽനിന്നെത്തിയ അഗ്നിരക്ഷാസേന വെള്ളവും ഫോമും മിക്സ്‌ ചെയ്ത് അടിച്ച് തീ പൂർണമായും അണച്ചു. തിരുവല്ല അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. റാന്നിയിൽനിന്ന്‌ ഒരു യൂണിറ്റ് എത്തിയിരുന്നു. കോയിപ്രം പോലീസ് മേൽനടപടി സ്വീകരിച്ചു.