ശബരിമല മേൽശാന്തി പന്തളത്ത് ദർശനം നടത്തി

പന്തളം : ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പന്തളം കൊട്ടാരം സന്ദർശിച്ചു. വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച വൈകീട്ട് പന്തളത്തെത്തിയ മേൽശാന്തിയെ പന്തളം കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ സ്വീകരിച്ചു. തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനം നടത്തിയശേഷം കുടുംബാംഗങ്ങളുമായി അരമണിക്കൂറോളം സമയം അദ്ദേഹം സ്വകാര്യ സംഭാഷണം നടത്തി. ശേഷം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലെത്തിയ മേൽശാന്തിയെ ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്ര ഉപദേശക സമിതിയും ചേർന്ന് സ്വീകരിച്ചു.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അദ്ദേഹം കൊട്ടാരത്തിലെത്തിയത്. തിരുവാഭരണ മാളികയ്ക്ക് മുമ്പിൽ കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പ്രദീപ് കുമാർ വർമ, സെക്രട്ടറി എം.ആർ. സുരേഷ് വർമ, ജോയിന്റ് സെക്രട്ടറി ദീപാ വർമ, കമ്മിറ്റി അംഗങ്ങളായ അരുൺ വർമ, വർമ കെ. ജിഷ്ണു, മനോജ് വർമ, കെ.ആർ. കേരളവർമ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

ക്ഷേത്രനടയിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ യു. ശ്രീക്കുട്ടൻ, ഉപദേശകസമിതി പ്രസിഡന്റ് കെ.വി. സന്തോഷ് കുമാർ, സെക്രട്ടറി പി.ജി. വേണുഗോപാൽ, കമ്മിറ്റിയംഗങ്ങൾ, നഗരസഭാ കൗൺസിലർ പി.കെ. പുഷ്പലത എന്നിവർ സ്വീകരിച്ചു. വണ്ടിപ്പെരിയാറിൽ സത്രം ക്ഷേത്രത്തിൽ ദർശനത്തിനും സ്വീകരണത്തിനും ശേഷമാണ് അദ്ദേഹം പന്തളത്തേക്കെത്തിയത്. പന്തളത്തുനിന്നും കാരയ്ക്കാട്ടുള്ള സ്വീകരണ സ്ഥലത്തേക്ക് മടങ്ങി.