ടെൻഡർ റദ്ദാക്കി...ആ പ്രതീക്ഷയും മങ്ങി വൃന്ദാവനം-മുക്കുഴി റോഡിന് രക്ഷയില്ല

റാന്നി : നിവേദനങ്ങൾക്കും സമരങ്ങൾക്കും നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് വൃന്ദാവനം-മുക്കുഴി റോഡ് നവീകരിക്കാൻ 95 ലക്ഷം രൂപ അനുവദിച്ചത്. രണ്ട് തവണ ടെൻഡർ ചെയ്തെങ്കിലും ഫണ്ട് കുറവാണെന്ന കാരണത്താൽ കരാരുകാർ ആരും ജോലി ഏറ്റെടുക്കാൻ തയ്യാറായില്ല. ടെൻഡർ നടപടികൾ റദ്ദാക്കാൻ എം.എൽ.എ. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദേശം നൽകി. ഫണ്ട് മാറ്റി ചെലവഴിക്കാനാണ് നീക്കം. ഇതോടെ, കൊറ്റനാട് പഞ്ചായത്ത് ആസ്ഥാനത്തുകൂടി കടന്നുപോകുന്ന റോഡിന് വീണ്ടും അവഗണനയായി.

ഫണ്ട് അനുവദിച്ചത് ഫെബ്രുവരിയിൽ

ഒട്ടേറെ നിവേദനങ്ങളുടെ ഫലമായാണ് വൃന്ദാവനം-മുക്കുഴി റോഡിന് റാന്നി എം.എൽ.എ. ആയിരുന്ന പ്രമോദ് നാരായൺ റോഡ് നവീകരണത്തിനായി 95 ലക്ഷം രൂപ അനുവദിച്ചത്. പല പദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവയ്ക്കൊന്നും അനുമതി ലഭിക്കാതെ വന്നതോടെയാണ് എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ചത്. അതനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ഇതിന് ഭരണാനുമതി ലഭിക്കുകയും ചെയ്തു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ തുടർ നടപടകൾ വൈകി. ജൂണിൽ നടപടികൾ പുനരാരംഭിച്ച് രണ്ടുതവണ പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചെങ്കിലും ജോലി ഏറ്റെടുക്കാൻ ആളുണ്ടായില്ല. ഫണ്ട് കുറവാണെന്നതാണ് കാരണം.

അത്യാവശ്യം വേണ്ട ഫണ്ട് കൂടി അനുവദിച്ചാൽ റോഡ് പുനരുദ്ധാരണം നടക്കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് തുടർ നടപടികൾ റദ്ദാക്കാൻ നിർദേശം നൽകിയത്.

ഒരുകിലോമീറ്റർമാത്രം

കൊറ്റനാട് പഞ്ചായത്ത് ഓഫീസിന് മുമ്പിലൂടെ കടന്നുപോകുന്ന ഈ റോഡിന് 1.3 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.

സമീപ റോഡുകളെല്ലാം ബി.എം.ആന്റ് ബി.സി. നിലവാരത്തിൽ ടാറിങ് നടത്തിയപ്പോൾ പഞ്ചായത്ത് ആസ്ഥാനമായ വൃന്ദാവനത്ത് കൂടി കടന്നുപോകുന്ന വൃന്ദാവനം-മുക്കുഴി, വൃന്ദാവനം-പുത്തൂർമുക്ക് എന്നീ റോഡുകൾ മാത്രമാണ് നവീകരിക്കാതെ കുണ്ടും കുഴിയുമായി കിടക്കുന്നത്. ആധുനിക നിലവാരത്തിൽ നവീകരിക്കുമെന്ന ഉറപ്പിൽ റോഡ് റീടാറിങ് പോലും നടത്തിയിട്ട് 10 വർഷത്തിലധികമായി. തകർന്ന് നടന്നുപോകാൻപോലും പറ്റാത്ത സ്ഥിതി എത്തുമ്പോൾ കുഴികൾ അടച്ചെന്നുവരുത്തുകയാണ് പതിവ്.

കൊറ്റനാട് എസ്.സി.വി. ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന നൂറ് കണക്കിന് വിദ്യാർഥികളാണ് ഇതുവഴി നടന്നുപോകുന്നത്. പ്രീ പ്രെമറി വിദ്യാലയം റോഡിനരികിലുണ്ട്.

വൃന്ദാവനം പ്രണമലക്കാവ് ദേവീക്ഷേത്രം, കൊറ്റനാട് എൻ.എസ്.എസ്. കരയോഗ മന്ദിരം, വൃന്ദാവനം എൻ.എസ്.എസ്. കരയോഗമന്ദിരം എന്നിവയെല്ലാം ഈ റോഡരികിലാണ്.

കൂടാതെ എഴുമറ്റൂർ കോൺഗ്രസ് കമ്മിറ്റിയുടെ സ്വന്തമായുള്ള ഓഫീസും ലൈബ്രറിയും ഇതിനരികിലാണ്.

കൊറ്റനാട് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും എം.എൽ.എ.യും സംസ്ഥാന സർക്കാറും യു.ഡി.എഫ്. ഭരിക്കുമ്പോഴാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസും ആരാധനാലയങ്ങളും വിദ്യാലയങ്ങളും ഉള്ള ഈ റോഡ് അവഗണിക്കപ്പെടുന്നത്.