ആദിവാസി സ്വയംപര്യാപ്തത; ‘സ്വസ്തി’ പദ്ധതിക്ക് തുടക്കം

പത്തനംതിട്ട : ആദിവാസി ഉന്നതിയിൽ 2500 ഹൈബ്രിഡ് കാപ്പിത്തൈകൾ വിതരണംചെയ്ത് ഡോ. എം.എസ്. സുനിൽ ഫൗണ്ടേഷൻ. സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട 20 കുടുംബങ്ങൾക്ക് പരിസ്ഥിതിസൗഹൃദ വീടുകൾ നിർമിച്ചുനൽകുകയാണ്.
അതിൽ നാല് കുടുംബങ്ങൾക്കുള്ള വീടുകൾ കൈമാറ്റംചെയ്തു. അവരെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഉൾവനങ്ങളിൽ കൃഷിചെയ്യാവുന്ന മുന്തിയ ഇനം 2500 ഹൈബ്രിഡ് കാപ്പിത്തൈകളാണ് ഓരോ കുടുംബങ്ങൾക്കും ലഭിച്ച സ്ഥലത്ത് നട്ടത്. ഫൗണ്ടേഷന്റെ ആദിവാസി സ്വയംപര്യാപ്ത പദ്ധതിയായ ‘സ്വസ്തി’യുടെ ഉദ്ഘാടനം തൈ നട്ടുകൊണ്ട് ഡോ. എം.എസ്. സുനിൽ നിർവഹിച്ചു.
രണ്ടരവർഷംകൊണ്ട് വിളവുലഭിക്കുന്ന മുന്തിയ ഇനം കാപ്പിത്തെകളാണ് വയനാട്ടിൽനിന്ന് എത്തിച്ചുനൽകിയത്. നാല് കുടുംബങ്ങളും രണ്ടായിരത്തോളം തൈകൾ നട്ടു. ബാക്കിവന്ന 500-ഓളം തൈകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടുകയും അതിലൂടെ അവർക്ക് ആവശ്യമായ തൊഴിൽദിനങ്ങൾ നൽകുമെന്നും ജില്ലാകളക്ടർ ഉറപ്പുനൽകി.
20 കുടുംബങ്ങൾക്കും അവർക്ക് ലഭ്യമായ വനമേഖലയിൽ ആവാസവ്യവസ്ഥ നിലനിർത്തിക്കൊണ്ടുതന്നെ കാപ്പിത്തൈകൾ നടുന്നതാണ് പദ്ധതി. ലീഗൽ സർവീസസ് അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും വനംവകുപ്പിന്റെയും ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെയാണ് ‘സ്വസ്തി’ പദ്ധതി നടപ്പാക്കുന്നത്.