തലേവര ശരിയാണെങ്കിൽ ജീവൻ ബാക്കിയുണ്ടാകും

റോഡിലെ വരകൾക്ക് അധികൃതരുടെ അവഗണന

അടൂർ : അതീവ സുരക്ഷാ പദ്ധതിയിൽ പുനരുദ്ധാരണം നടത്തിയ എം.സി. റോഡിൽ കുഴിയും വിള്ളലും വ്യാപകമാകുന്നു. ഏനാത്തുമുതൽ അടൂർ ബൈപ്പാസ് വരെയുള്ള ഭാഗത്താണ് പല സ്ഥലങ്ങളിലും ടാർ ഇളകി കുഴികൾ രൂപപ്പെട്ടത്. ചിലയിടങ്ങളിൽ റോഡിൽ വിള്ളലുകളും പ്രത്യക്ഷപ്പെട്ടു. അടൂർ ബൈപ്പാസിലും അപകടകരമായ കുഴികളുണ്ട്.

പൊതുവേ അപകടസാധ്യത കൂടുതലുള്ള ബ്ലാക്ക് സ്പോട്ടായി പരിഗണിക്കപ്പെടുന്ന പ്രദേശമാണ് അടൂർ ബൈപ്പാസ്. രാത്രിയിൽ അതിവേഗത്തിൽ ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്നതും ഇവിടെ പതിവാണ്. ഇതിനിടെയാണ് റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ വാഹനങ്ങൾ വീഴുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

അടുത്തകാലംവരെ റോഡ് പുനരുദ്ധാരണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനി കുഴികൾ അടയ്ക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കരാർ കാലാവധി അവസാനിച്ചതോടെയാണ് റോഡിലെ കുഴികൾ അടയ്ക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികൾ മുടങ്ങിയതെന്നാണ് വിവരം.

‌വരകൾ മാഞ്ഞു; അപകടഭീഷണി കൂടി

റോഡിലെ വരകൾ തെറ്റിച്ചാൽ പിഴ ഉറപ്പാണെങ്കിലും മാഞ്ഞുതുടങ്ങിയ വരകൾ തെളിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി. അടൂർ ബൈപ്പാസ് ഉൾപ്പെടെ എം.സി. റോഡിൽ നെല്ലിമൂട്ടിൽപ്പടി മുതൽ ഏനാത്ത് വരെയുള്ള ഭാഗത്ത് വെള്ള, മഞ്ഞ വരകൾ പല സ്ഥലങ്ങളിലും മാഞ്ഞു. സീബ്രാ വരകളുടെയും സ്ഥിതി വ്യത്യസ്തമല്ല.

വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് സഞ്ചാരത്തിനിടെ മാഞ്ഞുപോയ ഇത്തരം വരകൾ വ്യക്തമായി കാണാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് ബൈപ്പാസിലെ വട്ടത്തറപ്പടിക്ക് സമീപത്തെ മാഞ്ഞുപോയ മഞ്ഞവര.

കൊട്ടാരക്കര ഭാഗത്തുനിന്ന് പന്തളം ഭാഗത്തേക്ക് വരുമ്പോൾ വട്ടത്തറപ്പടിക്ക് മുമ്പുതന്നെ മഞ്ഞവര മാഞ്ഞുപോയ നിലയിലാണ്. ഇതുമൂലം ചില വാഹനങ്ങൾ വലതുവശത്തേക്ക് കയറി സഞ്ചരിക്കുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. പൊതുവേ എം.സി. റോഡിൽ അപകടങ്ങൾ പതിവായ ഭാഗംകൂടിയാണ് വട്ടത്തറപ്പടി.

വരകൾ തെറ്റിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് പിഴ ചുമത്താൻ ഉദ്യോഗസ്ഥർ സജീവമാണെങ്കിലും വരകളുടെ അവസ്ഥ പരിശോധിച്ച് അവ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. റോഡിലെ കുഴികൾ അടയ്ക്കുന്നതിനൊപ്പം മാഞ്ഞുപോയ ട്രാഫിക് വരകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.