കുണ്ടും കുഴിയും; റോഡിലിറങ്ങാൻ പഴയ കടത്തുവള്ളം വരണം

മണ്ണടി : ചെട്ടിയാരഴികത്തുകടവിൽ പഴയ കടത്തുവള്ളം വീണ്ടും ഇറക്കേണ്ട അവസ്ഥ. ആറ്റിലിറക്കാനല്ല, റോഡിലിറക്കാനാണ് ഇത്തവണ വള്ളം വേണ്ടിവരുക. പാലത്തിലേക്കുള്ള റോഡ് മഴക്കാലമായതോടെ ചെളിക്കുളമായി മാറിയതോടെയാണ് നാട്ടുകാർ ഇത്തരമൊരു തമാശ പറയുന്നത്.ഒരു വർഷം മുൻപ് റോഡ് നവീകരണത്തിന് 33 ലക്ഷം രൂപ അനുവദിച്ചെങ്കിലും റോഡിന്റെ ദുരവസ്ഥയ്ക്ക് മാറ്റമില്ല. മൂന്ന് തവണ ടെൻഡർ വിളിച്ചശേഷമാണ് കരാറുകാരൻ പണി ഏറ്റെടുത്തത്.
എന്നാൽ, ടാറിന്റെ വില വർധിച്ചതോടെ ടാറിങ് ഇതുവരെ തുടങ്ങിയിട്ടില്ല. ഫലത്തിൽ റോഡ് വാഹനങ്ങൾക്കു മാത്രമല്ല, കാൽനടയാത്രക്കാർക്കും കടന്നുപോകാൻ പറ്റാത്ത അവസ്ഥയിലാണ്.പണിക്ക് കൂടുതൽ തുക അനുവദിച്ച് കരാറുകാരനെക്കൊണ്ട് റോഡ് പണിയിക്കാനുള്ള നടപടിക്ക് പൊതുമരാമത്ത് അധികൃതരോ ബന്ധപ്പെട്ട ജനപ്രതിനിധികളോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പുതിയ പാലം നിർമിച്ചപ്പോൾ ഇരുവശത്തെയും അനുബന്ധ റോഡുകളും നവീകരിക്കാനായിരുന്നു പദ്ധതി. കൊല്ലം ജില്ലയുടെ ഭാഗത്ത് പഴയ റോഡിന്റെ വീതികൂട്ടി പുനർനിർമാണം നടത്തിയെങ്കിലും പാലത്തിന്റെ ഇക്കരെ മണ്ണടിഭാഗത്ത് റോഡിന് പഴയ ദുരവസ്ഥ തന്നെ.പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് ചെട്ടിയാരഴികത്തുകടവ് പാലം.
അടിയന്തരമായി ഇടപെടും
ചെട്ടിയാരഴികത്തു കടവിലേക്കുള്ള റോഡിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുവാൻ അടിയന്തരമായി ഇടപെടുമെന്ന് സി.വി.ശാന്തകുമാർ എം.എൽ.എ. അടുത്തദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗംവിളിക്കും. എത്രയും വേഗം റോഡുപണി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ. പറഞ്ഞു.