തോട്ടമൺകാവിൽ അംബായാഗം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

റാന്നി : റാന്നി തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ നവരാത്രി ഉത്സവഭാഗമായി
ഒക്ടോബർ ഒൻപതുമുതൽ 18 വരെ നടക്കുന്ന ദേവീ ഭാഗവത നവാഹസത്രം-അംബായാഗത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ഇതിന് മുന്നോടിയായി നടന്നുവരുന്ന നാരായണീയ പാരായണ യജ്ഞം തിങ്കളാഴ്ച സമാപിക്കും. യജ്ഞാചാര്യന്മാരായ നാഗേരി വിഷ്ണു ആനന്ദ്, ഹരി ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ദേവീ ഭാഗവത നവാഹ യജ്ഞം നടക്കുന്നത്. ഇതിനോടൊപ്പം ദിവസവും ഇതുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ, സംവാദങ്ങൾ, കൂടാതെ വിശേഷാൽ പൂജകൾ, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.
യാഗവേദിയിലേക്കുള്ള ദീപ ജ്യോതി, ധ്വജം, ദേവീ വിഗ്രഹം, ദേവീഭാഗവതഗ്രന്ഥം എന്നിവ ഒക്ടോബർ എട്ടിന് കൊടുങ്ങല്ലൂർ കുരുംബക്കാവ്, മാന്നാർ പന്നയാർക്കാവ്, തിരുവല്ല മുത്തൂർക്കാവ്, മലയാലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ഘോഷയാത്രയായി എത്തിക്കും. വൈകീട്ട് നാലിന് റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്ന ഘോഷയാത്രകളെ തോട്ടമൺകാവിലേക്ക് എതിരേൽക്കും. ഒമ്പതിന് രാവിലെ ആറിന് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തരുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന മഹാഗണപതി ഹവനത്തോടെ പൂജകൾക്ക് തുടക്കമാവും. 7.30-ന് വിഗ്രഹപ്രതിഷ്ഠ. തുടർന്ന് മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗയുടെ മുഖ്യകാർമികത്വത്തിൽ ചണ്ഡികാ ഹോമം നടക്കും. വൈകീട്ട് അഞ്ചിന് സത്രസമാരംഭ സഭയിൽ ശിവഗിരിമഠം യു.എസ്.എ. ഘടകം മഠാധിപതി ഗുരുപ്രസാദ് സ്വാമി, പഴകുളം മധു എം.എൽ.എ. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും. രാത്രി എട്ടിന് ഏലൂർ ബിജുവും സംഘവും നയിക്കുന്ന സോപാന സംഗീതാമൃതം ഉണ്ടായിരിക്കും.
കലവറ നിറയ്ക്കൽ ഇന്ന്
യജ്ഞശാലയിലേക്കും അന്നദാനത്തിനും ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നതിനായുള്ള കലവറ നിറയ്ക്കൽ ഞായറാഴ്ച നടക്കും. രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽനിന്ന് സാധനങ്ങൾ ശേഖരിക്കുന്നതിനായി വാഹനങ്ങൾ ക്രമീകരിച്ചിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു.