ഭക്തമാനസം ഭാഗ്യപൂർണം, ചൈതന്യദായകം ശ്രീചക്രപൂജ

അംബായാഗം ഇന്ന് സമാപിക്കും

റാന്നി : ദേവീമന്ത്രോച്ചാരണങ്ങൾക്കൊപ്പം സംഗീത നൃത്താർച്ചനകളും നവാവരണ മേളവും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ ശ്രീചക്രപൂജ നടന്നു. അംബായാഗത്തിന്റെ ഒമ്പതാംദിനമായ ശനിയാഴ്ചയാണ് ഒരു പകൽ മുഴുവൻ നീണ്ട ദേവീപൂജ നടന്നത്. ഭക്തർക്ക് നവ്യാനുഭവമേകിയ പൂജാദർശനത്തിന് വൻതിരക്കാണ് അനുഭവപ്പെട്ടത്. വിഷ്ണു ആനന്ദ് നമ്പൂതിരി, യജ്ഞാചാര്യൻമാരായ റാന്നി ഹരിശങ്കർ, പാടേരി വൈഷ്ണവ് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ശ്രീചക്രപൂജ നടന്നത്.

പ്രഭാതം, മധ്യാഹ്നം, സായാഹ്നം എന്നീ മൂന്ന് സമയങ്ങളിലായി നൃത്തസംഗീത വാദ്യങ്ങളോടെ ദേവിയെ പൂജിച്ചു. ആദിപരാശക്തിയായ ലളിതാ ത്രിപുരസുന്ദരി ദേവിയുടെ പവിത്രമായ വാസസ്ഥലമായിട്ടാണ് ശ്രീചക്രം (ശ്രീയന്ത്രം) കണക്കാക്കപ്പെടുന്നത്. രാവിലെ എട്ടരയോടെ ആരംഭിച്ച പൂജ രാത്രി എട്ടുമണിയോടെയാണ് സമാപിച്ചത്.

ബ്രഹ്മ, വിഷ്ണു, മഹേശ്വര, ഈശ്വരന്മാർ കട്ടിൽ കാലുകളായും സദാശിവൻ കട്ടിൽ പലകയായും കാമേശ്വരന്റെ മടിത്തട്ടിൽ ഇരിക്കുന്ന കാമേശ്വരിയായ സാക്ഷാൽ മഹാത്രിപുരസുന്ദരിയാണ് ശ്രീചക്രത്തിന്റെ അധിദേവത. ശിവന്റെയും ശക്തിയുടെയും ശരീരമാണ് ശ്രീചക്രം. ത്രികാലപൂജയായി നടന്ന ശ്രീചക്രപൂജ ദർശിക്കാൻ രാവിലെ മുതൽ തന്നെ ഭക്തർ എത്തിക്കൊണ്ടിരുന്നു. പ്രഭാത, മധ്യാഹ്ന പൂജകൾക്കുശേഷം താമരക്കാട് ഗോവിന്ദൻ നമ്പൂതിരി നയിച്ച നവാവരണ സംഗീതാർച്ചന നടന്നു. നാലുമണിയോടെ കലാമണ്ഡലം ബലരാമനും സംഘവും ശ്രീചക്രനവാവരണമേളം തുടങ്ങിയതോടെ നാട് ഭക്തിയിൽ ലയിച്ചു. ഏഴുമണിയോടെയാണ് മേളം പൂർത്തിയായത്. തുടർന്ന് നടന സാത്വിക അക്കാദമി അവതരിപ്പിച്ച നൃത്താർച്ചന അരങ്ങേറി. ഇതിനുശേഷമായിരുന്നു ശ്രീചക്രപൂജയുടെ സമാപനം. അനവധി യാഗങ്ങൾക്ക് പങ്കെടുക്കുന്ന ഊർജം ശ്രീചക്രപൂജാദർശനത്തിലൂടെ നേടിയതിന്റെ ആത്മസംതൃപ്തിയിലായിരുന്നു ഭക്തർ.

തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ 10 ദിവസങ്ങളായി നടന്നുവരുന്ന അംബായാഗം ഞായറാഴ്ച സമാപിക്കും. നവാഹസത്ര സമാപനംകുറിച്ചശേഷം വൈകീട്ട് ആറിന് സത്രസമർപ്പണ സമ്മേളനം നടക്കും. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി സത്രസമർപ്പണം നടത്തും. സ്വാമിനി ഭവ്യാമൃതപ്രാണ സത്രസന്ദേശം നൽകും. ഗായിക ഗായത്രി അശോകൻ നയിക്കുന്ന ഓംകാര ഭജൻസോടെ അംബായാഗത്തിന് സമാപനമാകും.