അത്തിക്കയത്തും പെരുനാട്ടിലും കുടിവെള്ളം വരുന്നു

വർഷങ്ങളായി മുടങ്ങിക്കിടന്ന പ്രവർത്തനം പുനരാരംഭിച്ചു

നാറാണംമൂഴി : അത്തിക്കയം-പെരുനാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം. ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നത്.

8.17 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കംകുറിക്കുന്നത്. ആദ്യഘട്ടത്തിൽ 1,200 വീടുകൾക്ക് കണക്ഷൻ നൽകുകയാണ് ലക്ഷ്യം. നിലവിൽ പൈപ്പ് ലൈൻ എത്താത്ത പ്രദേശങ്ങളിലേക്ക് 24 കിലോമീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു.

പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ആവശ്യപ്രകാരവും ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ കർശന നിർദേശങ്ങളുടെയും ഫലമായാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിക്കാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച്.സുനിൽകുമാർ പറഞ്ഞു. നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലെത്തി 270 ദിവസത്തിനുള്ളിൽ വീടുകളിലേക്ക് കണക്ഷൻ എത്തിക്കുന്നതിനാവശ്യമായ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനായതായി പ്രസിഡന്റ് പറഞ്ഞു.

നാറാണംമൂഴിയിലെ കുടിവെള്ളക്ഷാമം നേരിടുന്ന ഓരോ വീടുകളിലും വരൾച്ചക്കാലത്തിനുമുമ്പ് കുടിവെള്ളം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷാഫോമുകൾ നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ നിന്നു ലഭിക്കും.