കൊട്ടാരത്തിലേക്കും ക്ഷേത്രത്തിലേക്കുമുള്ള റോഡാണ് ഒന്ന് നന്നാക്കുമോ

കുളനട : മണ്ഡലകാലമായാൽ തീർഥാടകരുടെ തിരക്കേറുന്ന റോഡെങ്കിലും കുഴികളടച്ചാൽ നന്നായിരുന്നു. കൈപ്പുഴ കൊട്ടാരത്തിലേക്കും കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും ശിവക്ഷേത്രത്തിലേക്കുമുള്ള റോഡാണ് ടാറിങും മെറ്റലും ഇളകി കുഴിനിറഞ്ഞും ഇരുവശവും കാടുകയറിയും കിടക്കുന്നത്.

തൂക്കുപാലത്തിലൂടെ കൈപ്പുഴയിൽനിന്നും വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലേക്ക് തീർഥാടകരെത്തുന്ന പ്രധാന വഴിയും ഇതുതന്നെയാണ്.

കുളനട പഞ്ചായത്ത് തീർഥാടകരുടെ വാഹനം പാർക്കുചെയ്യാനായി ഒരുക്കുന്ന സ്ഥലത്തുനിന്നും തൂക്കുപാലത്തിലൂടെയാണ് മറുകരയിലേക്കെത്താൻ എളുപ്പമാർഗം.

കൈപ്പുഴയിലുള്ള കൊട്ടാരവും പുരാതനകുളവും കൊട്ടാരം പരദേവതയായ മധുരമീനാക്ഷിയുടെ ക്ഷേത്രവും കാണാൻ മറുനാട്ടുകാരായ തീർഥാടകർ ധാരാളം ഈ വഴിയിലൂടെ എത്തുന്നുണ്ട്. തകർന്ന റോഡിലൂടെയുള്ള കാൽനടയാത്രപോലും ദുഷ്‌കരമാണ്.

കഴിഞ്ഞദിവസം സ്ഥലവാസിയായ വയോധികൻ റോഡിലെ തകർന്ന ഭാഗത്ത് കാൽതെറ്റിവീണ് പരിക്കും പറ്റിയിരുന്നു.

ചെറിയറോഡിൽനിന്നും എം.സി. റോഡിലേക്കിറങ്ങുന്ന ഭാഗത്ത് കാടുവളർന്ന് നിൽക്കുന്നതുകാരണം എം.സി. റോഡിലൂടെ പാഞ്ഞുവരുന്ന വാഹനം കാണാൻതന്നെ ബുദ്ധിമുട്ടാണ്.