ചുവപ്പുനാടയിൽ കുരുങ്ങി മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. സ്കൂൾ

അമേരിക്കയിൽനിന്നും ആഫ്രിക്കയിൽനിന്നും ആളെത്തണം
മല്ലപ്പള്ളി : മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. സ്കൂളിനായി മൂന്നരയേക്കറോളം വസ്തു നാട്ടുകാർ വാങ്ങി നൽകിയിട്ട് 29-വർഷം കഴിഞ്ഞു. 1997-ൽ അന്നത്തെ മന്ത്രി തറക്കല്ലിട്ടെങ്കിലും അതിന് മുകളിൽ ഒരുകല്ലുപോലും വെയ്ക്കാനായിട്ടില്ല. നിലവിലുള്ള സ്ഥലം പാടമായാണ് വില്ലേജ് രേഖകളിൽ ഉള്ളത്. വർഷങ്ങളായി കൃഷിയില്ലാതെ കിടക്കുന്നെങ്കിലും പേരിൽ വയലായതിനാൽ ഇവിടെ കെട്ടിടം പണിയാൻ തണ്ണീർത്തട നിയമപ്രകാരം പ്രത്യേകാനുമതികൂടിയേ കഴിയൂ.
വസ്തുവിന്റെ വിവരങ്ങൾ രേഖകളിലാക്കാനായി താലൂക്ക് അധികൃതരെ സ്കൂളിൽനിന്ന് സമീപിച്ചിരുന്നു. വസ്തു വിട്ടുനൽകിയവരുടെ മൊഴിയെടുക്കണമെന്നാണ് താലൂക്ക് സർവേയർ അറിയിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ പറയുന്നു. മുൻ ഉടമകളിൽ ജീവിച്ചിരിപ്പുള്ളവരിൽ ഒരാൾ അമേരിക്കയിലും മറ്റൊരാൾ സൗത്ത് ആഫ്രിക്കയിലുമാണ്. അവർ വന്നിട്ട് നോക്കാം എന്ന ന്യായവുമായി ഫയൽ അടച്ചതായാണ് വിവരം. റോഡിനായി സ്ഥലം എടുത്തെങ്കിൽ അളവ് കുറയുമെന്നതും പ്രശ്നമാണത്രെ.
പ്രതിമാസം അരലക്ഷത്തോളം വാടകനൽകി സ്വകാര്യ കെട്ടിടങ്ങളിലാണ് ഇപ്പോൾ ക്ളാസുകൾ നടത്തുന്നത്. മല്ലപ്പള്ളി ടൗണിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജ് രണ്ട് വർഷമായി കല്ലൂപ്പാറ എൻജിനിയറിങ് കോളേജ് കാമ്പസിലാണ് നടക്കുന്നത്. ആരോരുമറിയാതെ കോളേജ് മല്ലപ്പള്ളി വിട്ടെങ്കിലും പേര് മാറ്റിയിട്ടില്ല.
കെട്ടിടം പണിയുന്നതിന് മുന്നോടിയായി ഐ.എച്ച്.ആർ.ഡി. ഡയറക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. വസ്തുക്കാര്യം ചുവപ്പുനാടയിൽ കുരുങ്ങിയതോടെ നടപടികൾ അവതാളത്തിലായിട്ടുണ്ട്. 1997-ൽ തറക്കല്ലിട്ടത് അന്നത്തെ മന്ത്രി പി.ജെ.ജോസഫ് ആണ്. അദ്ദേഹത്തിന്റെ പാർട്ടിക്കാരനായ അഡ്വ. വർഗീസ് മാമ്മൻ ആണ് ഇപ്പോഴത്തെ എം.എൽ.എ. മുൻ എം.എൽ.എ. അഡ്വ. ടി.എസ്. ജോണിന്റെ നേതൃത്വത്തിൽ സ്ഥലം വാങ്ങുമ്പോൾ പ്രവർത്തിച്ച സമിതിയുടെ കൺവീനർ കെ.ജി.സാബുവാണ് ഇപ്പോൾ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്. എം.എൽ.എ.യും പ്രസിഡന്റും മനസ്സുവച്ചാൽമാത്രമേ കുരുക്കുകൾ അഴിക്കാനാവുകയുള്ളൂ എന്നതാണ് സ്ഥിതി. നീക്കമുണ്ടാകുമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷ.