എന്തൊക്കെയായിരുന്നു...

കക്കൂസ് മാലിന്യം വളമാക്കാൻ വാങ്ങി; മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ് നാലുമാസമായി വിശ്രമത്തിൽ
പറക്കോട് : കക്കൂസ് മാലിന്യം ഇനി വഴിയരികിൽ ഒഴുകില്ല, മാലിന്യം എടുക്കുമ്പോൾ മൂക്കുപൊത്തേണ്ട, മണിക്കൂറുകൾക്കുള്ളിൽ മാലിന്യം വളവും ശുദ്ധജലവുമാകും. അങ്ങനെ കേട്ടാൽ ആരും ഒന്നു കൊതിച്ചുപോകുന്ന വാഗ്ദാനങ്ങൾ. എന്നാൽ, ഒന്നര വർഷം മുൻപ് വലിയ പ്രതീക്ഷയോടെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ മൂക്കുപൊത്തേണ്ടിവരും. മാലിന്യം സംസ്കരിക്കാനെത്തിയ 58 ലക്ഷം രൂപയുടെ യൂണിറ്റും വാഹനവും ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പൊടിപിടിച്ച് കിടക്കുകയാണ്. നാലുമാസമായി പ്രവർത്തനമില്ല.
വരുമാനമില്ലെന്ന കാരണം പറഞ്ഞ് നടത്തിപ്പിനുള്ള കരാർ പുതുക്കിനൽകാത്തതാണ് യൂണിറ്റ് നിശ്ചലമാകാൻ കാരണം. എന്നാൽ, വരുമാനം വർധിപ്പിച്ച് സംവിധാനം സജീവമാക്കാനുള്ള വഴികൾ കണ്ടെത്താൻ അധികൃതർ കാര്യമായ ശ്രമം നടത്തുന്നില്ലെന്നാണ് ആക്ഷേപം. 58 ലക്ഷം രൂപ ചെലവഴിച്ചാണ് സഞ്ചരിക്കുന്ന സംസ്കരണ യൂണിറ്റ് വാങ്ങിയത്. നാട്ടിൽ പലയിടത്തും കക്കൂസ് മാലിന്യം അനധികൃതമായി തള്ളുന്ന പതിവിന് അറുതിവരുത്തുകയായിരുന്നു ലക്ഷ്യം.
10.814 ലക്ഷം ലിറ്റർ മാലിന്യം
2025 മാർച്ച് 26 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ മാത്രം യൂണിറ്റ് സംസ്കരിച്ചത് 10.814 ലക്ഷം ലിറ്റർ കക്കൂസ് മാലിന്യമാണ്. വീടുകൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച മാലിന്യമായിരുന്നു ഏറെയും. മണിക്കൂറിൽ 6000 ലിറ്റർ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള സംവിധാനമായിരുന്നു ഇത്. സെപ്റ്റിക് ടാങ്കിൽനിന്ന് പമ്പ് ചെയ്തെടുക്കുന്ന മാലിന്യം വാഹനത്തിലെ പ്രത്യേക ടാങ്കിൽ ശേഖരിച്ച് ഖര-ദ്രവ ഘടകങ്ങളായി വേർതിരിക്കും. തുടർന്ന് വിവിധ ഘട്ടങ്ങളിലെ അരിച്ചെടുക്കലിലൂടെയും മൈക്രോ, അൾട്രാ ഫിൽട്രേഷൻ സംവിധാനങ്ങളിലൂടെയും ജലം ശുദ്ധീകരിക്കും. ഖരഭാഗം വളമായും സംസ്കരിച്ച ജലം കൃഷി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാമെന്നതായിരുന്നു പദ്ധതിയുടെ പ്രത്യേകത.
എന്നാൽ, മാലിന്യം വളവും വെള്ളവുമാക്കാനുള്ള സാങ്കേതികവിദ്യയൊക്കെ വാഹനത്തിലുണ്ടെങ്കിലും ഇപ്പോൾ അവയ്ക്ക് ഉപയോഗമില്ല. നാട്ടിൽ മാലിന്യം ഒഴുകാതിരിക്കാനായി വാങ്ങിയ സംവിധാനം തന്നെ പ്രവർത്തനരഹിതമായി കിടക്കുന്നു. സ്വകാര്യ കരാറുകാർക്ക് പണം നൽകി കക്കൂസ് മാലിന്യം നീക്കം ചെയ്യേണ്ട സാഹചര്യം തുടരുമ്പോൾ, പൊതുപണം ചെലവഴിച്ച് വാങ്ങിയ യൂണിറ്റ് മുറ്റത്ത് വിശ്രമിക്കുകയാണ്. യൂണിറ്റ് പ്രവർത്തിക്കാതിരിക്കുന്നത് പുറത്തുള്ള സ്ഥിരം കക്കൂസ് മാലിന്യ ശേഖരണക്കാരായ സ്വകാര്യ കരാറുകാർക്ക് ഗുണകരമാകുമെന്നും നാട്ടുകാർ ആരോപിക്കുന്നു.