വടശ്ശേരിക്കര കാട്ടാനക്കരയായി

#സുനിൽ വൃന്ദാവനം

വടശ്ശേരിക്കര: പുലർച്ചെ മൂന്നുമണിയോടെ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നതെന്ന് ബൗണ്ടറി ചരിവുപറമ്പിൽ തോമസ് ദാനിയേൽ പറഞ്ഞു. കാട്ടാനക്കൂട്ടം ഇറങ്ങിയതാണെന്ന് ഉറപ്പുണ്ടായിരുന്നു. എന്താണ് വീഴ്ത്തിയതെന്നതായിരുന്നു ആശങ്ക. പുരയിടത്തിൽ അവശേഷിച്ചിരുന്ന രണ്ട് തെങ്ങുകളിലൊന്നുകൂടി കാട്ടാന തള്ളി വീഴ്ത്തിയ കാഴ്ചയാണ് വീടിനകത്തെ പടവുകളിലൂടെ ടെറസിലെത്തി ലൈറ്റടിച്ചുനോക്കിയപ്പോൾ കണ്ടത്. വീടിന്റെ മേൽക്കൂരയിലും ഷേഡിലും ഓലകൾ തട്ടിയാണ് നിലം പതിച്ചത്.

തിങ്കളാഴ്ച പുലർച്ചെയുണ്ടായ സംഭവമാണ് തോമസ് ദാനിയേൽ വിവരിച്ചത്. ഇങ്ങനെ ഉണരുന്നത് ആദ്യമായല്ല. കഴിഞ്ഞ ഒരുവർഷത്തിൽ മിക്കദിവസങ്ങളിലും ശബ്ദം കേൾക്കുമ്പോൾ ടോർച്ചുമായി ടെറസിലേക്ക് ഓടും. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് തന്നെ രണ്ട് കൊമ്പനുമെത്തി. ബഹളം വെച്ചപ്പോൾ കാട്ടിലേക്ക് മടങ്ങി. ടോർച്ചടിക്കുകയും ബഹളം വെക്കുകയും ചെയ്യുമ്പോൾ ചിലപ്പോൾ കാട്ടാന മടങ്ങും. വീടിന്റെ പുരയിടത്തിന് ചുറ്റും കെട്ടിയ മതിൽ ഇടിച്ചു. ഈ മതിലിലുണ്ടായിരുന്ന ഗേറ്റ് തകർത്തു. പുരയിടത്തിലെ വാഴ അടക്കമുണ്ടായിരുന്ന കൃഷി പൂർണമായി നശിപ്പിച്ചു.

ഇത് ഒരാളുടെ അനുഭവല്ല. അയൽവാസിയായ മംഗലത്തുമണ്ണിൽ ജോസഫിന് പറയാനുള്ളതും ഇതിൽ ഒട്ടും കുറയില്ല. വാഴക്കൃഷി പൂർണമായി നശിപ്പിച്ചു. ഉറങ്ങാൻ ഭയമാണ്. തിങ്കളാഴ്ച രാത്രിയിലും കാട്ടാനകൾ എത്തി. ഇതിനടുത്ത വീട്ടിൽ പ്രായമായ ദമ്പതിമാർ താമസിക്കുന്നു. കാട്ടാനക്കൂട്ടം എത്തിയെന്നറിഞ്ഞാൽ പിന്നെ ആ രാത്രി അവർക്ക് ഭയം കാരണം ഉറക്കമില്ല. കളക്ടർ ചെയർമാനായ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിനെയും കാട്ടാനകൾ വെറുതെ വിട്ടില്ല. പിന്നിലെ മതിലിടിച്ച് സ്‌കൂൾ വളപ്പിലുണ്ടായിരുന്ന കൃഷികളും ആന നശിപ്പിച്ചു.

വനംവകുപ്പ് ചിറ്റാർ സ്റ്റേഷന്റെ പരിധിയിൽപെട്ട പ്രദേശമാണിത്. കാട്ടാനകൾ എത്തുന്നത് അറിയിച്ചാൽ അവിടെ നിന്ന് വരണം. തിങ്കളാഴ്ച പുലർച്ചെ ഒരുമണിവരെ വനപാലകർ ഇവിടെ കാവലുണ്ടായിരുന്നു. ചിറ്റാർ ഭാഗത്ത് ആനയിറങ്ങി എന്നറിഞ്ഞ് അവേടേക്ക് പോയി. മൂന്നുമണിയോടെ ബൗണ്ടറിയിൽ കാട്ടാന എത്തി നാശം വിതച്ചു. തിങ്കളാഴ്ച രാത്രിയിൽ 9.45-ന് കാട്ടാന എത്തി. വനപാലകർ ഈ സമയം മണിയാറിൽ കാട്ടാനകളെ തുരത്തുകയായിരുന്നു. വടശ്ശേരിക്കരയ്ക്ക് മാത്രമായി പട്രോളിങ് സംഘം ഇല്ലാത്തതാണ് പ്രശ്‌നം.

കാട്ടാനകളെ കൂടാതെ കർഷകരുടെ വില്ലന്മാരുടെ കൂട്ടത്തിൽ പ്രധാനികളാണ് കുരങ്ങും മലയണ്ണാനും. തെങ്ങിൽ കരിക്കുണ്ടാകുമ്പോൾ തന്നെ അവയെല്ലാം ഇവ വെള്ളംകുടിച്ച് നിലത്ത് തള്ളിയിരിക്കും. മുള്ളൻപന്നിയും ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.

45 കുടുംബങ്ങൾ ഭീതിയിൽ

:വടശ്ശേരിക്കര പഞ്ചായത്തിലെ ബൗണ്ടറി, ചെമ്പരത്തിമൂട്, ആർക്കേമൺ, ചിറയ്ക്കൽപടി, എം.ആർ.എസ്. എന്നിവിടങ്ങളിലായി 45 ലധികം കുടുംബങ്ങളാണ് കാട്ടനകളെ ഭയന്ന് ജീവിക്കുന്നത്. മറുഭാഗത്തും സ്ഥിതി ഇതിലും ഭീകരം തന്നെ. ചിറയക്കൽപടി, അറഞ്ഞിക്കുഴി ഭാഗങ്ങളിലൂടെയാണ് കാട്ടാനകൾ ഈ മേഖലയിൽ എത്തുന്നത്. ഈ മേഖലയിൽ കൂടിയുള്ള ഏകവഴിയാണ് ബൗണ്ടറി-ചെമ്പരത്തിമൂട് റോഡ്. സന്ധ്യകഴിഞ്ഞാൽ ആനകളെ ഭയന്ന് ജനത്തിന് ഇതുവഴി പോകുവാൻ ഭയമാണ്. കാട്ടനയുടെ മുന്നിലകപ്പെട്ട യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ വീണ്സാരമായി പരിക്കേറ്റു.

(തുടരും)