കുന്നിടക്കാരുടെ ദുരിതത്തിന് പരിഹാരം വേണം

കുന്നിട : കുഴികൾ നിറഞ്ഞ് അപകടകരമായി കിടക്കുന്ന റോഡിലൂടെ കുന്നിടക്കാരുടെ യാത്ര തുടങ്ങിയിട്ട് മാസങ്ങളായി. ഇളമണ്ണൂർ-കുന്നിട-ചെളിക്കുഴി റോഡിന്റെ പലഭാഗവും തകർന്നിട്ട് നാളുകളായി. കുന്നിട ജങ്ഷനിൽ നിന്ന് രണ്ട് ദിശയിലേക്ക് പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിച്ചുള്ള പാതയാണിത്. കുന്നിടക്കാർക്ക് രണ്ട് ഭാഗത്ത് കൂടെയും കെ.പി. റോഡിലേക്ക് എത്തണമെങ്കിൽ അപകടക്കുഴികൾ കടക്കാതെ സാധിക്കാത്ത സ്ഥിതിയാണ്.

കുന്നിട ജങ്ഷനിൽനിന്ന് ഇളമണ്ണൂർ ഭാഗത്തേക്ക് ഒരുകിലോമീറ്ററിലധികം തകർന്നുകിടക്കുകയാണ്. ഇടയ്ക്ക് മഴപെയ്തതോടെ പലയിടത്തും ചെളിക്കുളമായിട്ടുണ്ട്. കുന്നിട ജങ്ഷനിൽനിന്ന് ചെളിക്കുഴി ഭാഗത്തേക്ക് അരക്കിലോമീറ്റർ മാറിയുള്ള ഇടമാണ് തകർന്ന് അപകടകരമായി കിടക്കുന്നത്. കുന്നിട ജങ്ഷനിൽനിന്ന് നിലവിൽ തകർന്നുകിടക്കുന്ന ഇടം വരെ കുറച്ചുനാൾ മുൻപ് ടാർ ചെയ്തതാണ്. പക്ഷേ, അവിടെയും പലഭാഗങ്ങളിൽ വീണ്ടും കുഴിയായിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്ത്‌ ടാർ ചെയ്ത റോഡാണിത്. അറ്റകുറ്റപ്പണികളെങ്കിലും നടത്തി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇരുചക്രവാഹന യാത്രികരാണ് ഏറെ പ്രയാസപ്പെടുന്നത്.