പത്തനംതിട്ട മേൽപ്പാലം: രണ്ടുഘട്ടമായി ഭൂമി ഏറ്റെടുക്കും

പത്തനംതിട്ട : മേൽപ്പാലനിർമാണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുമായി തുടർചർച്ച നടത്തി രണ്ടുഘട്ടമായി ഭൂമി ഏറ്റെടുക്കാൻ തീരുമാനം. 54 ഗുണഭോക്താക്കളുടെ ഭൂമിയാണ് പദ്ധതിയുടെ പൂർത്തീകരണത്തിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ 28 ഗുണഭോക്താക്കൾ ഭൂമി സംബന്ധമായ രേഖകൾ കൈമാറിയിട്ടുണ്ട്. ഇവർക്ക് നവംബർ 15-നകം പണം കൈമാറും. ബാക്കിയുള്ള ഗുണഭോക്താക്കളുമായി ചർച്ച നടത്തും.
ആദ്യഘട്ടത്തിൽ ഇരുവശത്തെയും അനുബന്ധ റോഡുകൾ പൂർത്തിയാക്കും. തുടർന്നാകും പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. ആറന്മുള മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് അബിൻ വർക്കി എം.എൽ.എ.യുടെയും ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാർച്ച് 31-ന് മുമ്പായി പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ചുട്ടിപ്പാറ നഴ്സിങ് കോളേജിൽ അശാസ്ത്രീയമായ നിർമാണമാണ് നടന്നിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഒരുകോടി 40 ലക്ഷം രൂപയുടെ പദ്ധതി നിർമാണം പകുതിയോളം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും പ്രവേശിക്കാനോ, കെട്ടിടനമ്പരിട്ടുനൽകാനോ കഴിയാത്ത സാഹചര്യമാണ്. സാങ്കേതിക പരിജ്ഞാനമുള്ള സംഘത്തെ നിയോഗിച്ച് പരിശോധന നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പദ്ധതിയുടെ കൺസൾട്ടന്റായ നിർമിതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് നടപടി സ്വീകരിക്കാനാണ് തീരുമാനം.
പത്തനംതിട്ട നഴ്സിങ് കോളേജിനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. നിലവിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി നഴ്സിങ് കൗൺസിൽ ലഭ്യമാക്കിയ ഫണ്ട് വിനിയോഗിക്കും.
പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭ്യമായിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ അനുമതികൂടി ലഭ്യമായാൽ നഗരസഭ കെട്ടിട നമ്പർ നൽകും. ഫയർ അനുമതിക്കായുള്ള പ്രവൃത്തികൾ വേഗത്തിലാക്കാൻ എച്ച്.എൻ.ഐ.എൽ. കോൺട്രാക്ടറുമായി 15 ദിവസത്തിനകം ചർച്ച നടത്തും. തുടർന്ന് അപേക്ഷ സമർപ്പിക്കാൻ ഡി.ടി.ഒ.യ്ക്ക് നിർദേശവും നൽകി. കുമ്പഴ ജങ്ഷനിൽ സിഗ്നലുകളുടെ പ്രവർത്തനം ആരംഭിക്കാനും തീരുമാനമായി.
പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ് ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.