ലൈഫിൽ വീട് നൽകി; 13 ഇടത്ത് ‘ലൈഫ് ’ ആയില്ല

കലഞ്ഞൂർ: ലൈഫ് പദ്ധതിയിൽ ഒരു വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ കാത്തിരിക്കുമ്പോഴും നിർമിച്ചുനൽകിയ വീട്ടിൽ താമസിക്കാൻ ആളില്ലാത്തസ്ഥിതി. കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാർഡിൽ ഇടിഞ്ഞുകുഴിയിലാണ് ലൈഫ് പദ്ധതിയിൽ നിർമിച്ച 13 വീടുകൾ ഗുണഭോക്താക്കൾ താമസിക്കാതെ നശിക്കുന്നത്.
മിക്ക വീടുകളുടെയും കതകുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ദ്രവിച്ചുതുടങ്ങി. അഞ്ചുവീടുകൾ കാടുകയറി മൂടിയതിനാൽ പുറത്തുനിന്ന് നോക്കിയാൽ വീടുകളാണെന്ന് തിരിച്ചറിയാൻപോലും കഴിയില്ല. 17 വീടുവെച്ചതിനാൽ നാലിടത്തു മാത്രമേ താമസക്കാരുള്ളൂ.
അപേക്ഷകൾ പരിഗണിച്ച് ഗുണഭോക്താക്കളെ കണ്ടെത്തിയാണ് വീടുപണിതത്. ഭൂമി വാങ്ങുന്നതിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 3.75 ലക്ഷം രൂപയും ചില കുടുംബങ്ങൾക്ക് കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് 2.25 ലക്ഷം രൂപയും വിനിയോഗിച്ചു.
ഇതിനുപുറമേ ലൈഫ് പദ്ധതിയിൽ ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ വീതം വീടുനിർമാണത്തിനും നൽകി. പട്ടികജാതിവികസന വകുപ്പിന്റെ സഹകരണവുമുണ്ടായി.
2021-ലാണ് വീടും സ്ഥലവും ഇല്ലാത്തവർക്ക് ഭൂമി വാങ്ങിനൽകി വീടുകളുടെ നിർമാണം ആരംഭിച്ചത്. 2022-ൽ പണി പൂർത്തിയായി. കുറച്ച് ഉൾപ്രദേശമാണിത്. എന്തുകൊണ്ടാണ് താമസക്കാർ എത്താത്തതെന്ന് ആരും അന്വേഷിച്ചില്ല. വീട് നിർമിക്കുന്നതിനു മുമ്പ് ഗുണഭോക്താക്കളുടെ യഥാർഥ ആവശ്യവും സാഹചര്യവും പരിശോധിച്ചിരുന്നോയെന്നും ചോദ്യമുണ്ട്. ആളുകൾ താമസിക്കുന്നില്ലെന്ന് വ്യക്തമായതിനുശേഷം ഇതുവരെ നടപടിയൊന്നും സ്വീകരിക്കാത്തതിലും ദുരൂഹതയുണ്ട്.
ഫയലിൽ പൂർത്തിയായ പദ്ധതി
ഫയലിൽമാത്രം പൂർത്തിയായ പദ്ധതിയാണിത്. വീടുപണി കഴിഞ്ഞോ എന്നു ചോദിച്ചാൽ കഴിഞ്ഞു. എത്ര കുടുംബങ്ങൾ ആ വീടുകളിൽ താമസിക്കുന്നു എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.