പോക്സോ കേസ് പ്രതിയെ ഒറ്റയ്ക്ക് പിന്തുടർന്ന്‌ പിടിച്ച ഗീത

അടൂർ : ചെറുപ്പത്തിലേയുള്ള ഒരേയൊരു മോഹം. പോലീസാകണം. അച്ഛനും അതുതന്നെയായിരുന്നു ആഗ്രഹിച്ചത്. 25-ാം വയസ്സിൽ കെ.ഗീത പോലീസ് കുപ്പായമണിഞ്ഞു. ആത്മവിശ്വാസവും പ്രതിസന്ധികളിൽ പതറാത്ത ധൈര്യവും കൈമുതലാക്കി. പിന്നിട്ട ഓരോ വഴിയും ഗീതയ്ക്ക് അഭിമാനത്തിന്റെ അധ്യായങ്ങളായി.

കൊല്ലം പവിത്രേശ്വരം സ്വദേശിയായ ഗീത അടൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ്. ഔദ്യോഗിക ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ് പോക്സോ കേസ് പ്രതിയെ മഫ്തിയിൽ പിന്തുടർന്ന് ഒറ്റയ്ക്ക് പിടികൂടിയത്. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. രാത്രി വൈകിയാണ് എട്ടുവയസ്സുകാരിയെ ഉപദ്രവിച്ച സംഭവത്തിൽ പരാതി ലഭിച്ചത്. പ്രതിയെ തേടി വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.

പിറ്റേന്ന് ജോലികഴിഞ്ഞ് മഫ്തിയിൽ സ്കൂട്ടറിൽ അടൂർ ഭാഗത്തേക്ക് പോകുന്നതിനിടെ തലേദിവസം ലഭിച്ച വിവരങ്ങളിലെ അടയാളങ്ങളുമായി സാമ്യമുള്ള ഒരാൾ സൈക്കിളിൽ പോകുന്നതുകണ്ടു.

സംശയം തോന്നിയതോടെ സ്കൂട്ടറിൽ പിന്തുടർന്ന് സമീപത്തെത്തി പേര് ചോദിച്ചു.

വീട്ടിൽ കുറച്ച് ജോലിയുണ്ടെന്ന വ്യാജേന സംഭാഷണം തുടങ്ങി. വീടും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞതോടെ താൻ അന്വേഷിക്കുന്നയാൾ തന്നെയാണെന്ന് ഗീതയ്ക്ക് ഉറപ്പായി. തുടർന്ന് സൈക്കിളിൽനിന്ന് താഴെയിട്ട് ബഹളംവെച്ച് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

പിങ്ക് പോലീസ് ഡ്യൂട്ടിക്കിടെയുണ്ടായ മറ്റൊരു സംഭവത്തിലും ഗീതയുടെ സമയോചിതമായ ഇടപെടൽ ശ്രദ്ധിക്കപ്പെട്ടു.

വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽക്കിടന്ന ഗർഭിണിയായ യുവതിയെ നിമിഷങ്ങൾക്കകം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.

ജോലിയുടെ സമ്മർദങ്ങൾ കുടുംബബന്ധങ്ങളിൽ കലർത്താതെ ബന്ധങ്ങളെയും സ്വന്തങ്ങളെയും ചേർത്തുപിടിച്ചാണ് ഓരോ പോലീസുകാരന്റെയും ജീവിതം മുന്നോട്ടുപോകുന്നതെന്ന് ഗീത പറയുന്നു.