പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ പ്രശ്നങ്ങൾ തീർക്കും

പത്തനംതിട്ട : ശബരിമല തീർഥാടനകാലം തുടങ്ങുന്നതിനുമുൻപ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോയിലെ പ്രശ്നങ്ങൾ പരിഹരിക്കും. കോർപ്പറേഷൻ സി.എം.ഡി. ഡോ. പ്രമോജ് ശങ്കറിന്റെ സാന്നിധ്യത്തിൽ ചേർന്ന ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഗതാഗതമന്ത്രി സി.പി. ജോണിന് അബിൻ വർക്കി എം.എൽ.എ. നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.
പണികൾ പൂർത്തീകരിച്ച് ഒൻപത് വർഷമായിട്ടും കെ.എസ്.ആർ.ടി.സി. സമുച്ചയത്തിന് കെട്ടിടനമ്പർ കിട്ടിയിട്ടില്ല. ഫയർ സംബന്ധമായ നടപടികൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം എന്നിവയുടയെല്ലാം നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാലാണ് കെട്ടിടനമ്പർ വൈകുന്നത്. പരിഹാരമെന്നനിലയിൽ മലിനീകരണനിയന്ത്രണ ബോർഡ്, കെ.എസ്.ആർ.ടി.സി. മുനിസിപ്പൽ, സിവിൽ വിഭാഗങ്ങൾ, ഫയർഫോഴ്സ് ജില്ലാ ഓഫീസർ എന്നിവരെല്ലാം ചേർന്ന് പ്രവർത്തിച്ച് ശേഷിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തീകരിക്കും. ശബരിമല തീർഥാടകരെ സഹായിക്കാൻ പ്രത്യേക കൗണ്ടർ സ്ഥാപിക്കും. പൂർണസമയ സ്റ്റേഷൻ ഓഫീസർ, ശുചീകരണത്തിന് ഉൾപ്പെടെ ജീവനക്കാരുടെ നിയമനം എന്നിവ സി.എം.ഡി. ഉറപ്പുനൽകി.
ഫയർ, സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, ഗാരേജ് എന്നിവ സി.എം.ഡി., കളക്ടർ എ. നിസാമുദ്ദീൻ, എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ എന്നിവർ സന്ദർശിച്ചു. പുതിയ ഗാരേജിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എം.എൽ.എ. അറിയിച്ചു.