ജില്ലാ സ്റ്റേഡിയം നിർമാണം പൂർത്തിയായില്ല; കൊടുമണ്ണിലേക്ക് ഓട്ടം തുടരും

പത്തനംതിട്ട: പുതുപുത്തൻ സ്റ്റേഡിയത്തിൽ മത്സരിക്കാമെന്നുള്ള പ്രതീക്ഷ വേണ്ട. ജില്ലാ കായികമേളയ്ക്കായി കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കുള്ള ഓട്ടം ഇത്തവണയും തുടരും. പത്തനംതിട്ടയിലെ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാകാത്തതാണ് കാരണം.
സിന്തറ്റിക് ട്രാക്ക്, ടർഫ് തുടങ്ങിയ പ്രവൃത്തി പൂർത്തിയായെങ്കിലും ട്രാക്കിലെയും ഫീൽഡിലെയും ഉപകരണങ്ങൾ ഉൾപ്പെടെ സ്ഥാപിക്കേണ്ടതുണ്ട്. മാത്രമല്ല, നിർമാണം പൂർത്തിയാക്കി സ്പോർട്സ് കേരള ഫൗണ്ടേഷൻ പത്തനംതിട്ട നഗരസഭയ്ക്ക് കൈമാറിയശേഷമേ സ്റ്റേഡിയത്തിന്റെ പ്രവർത്തനവും സ്റ്റേഡിയത്തിൽ എന്തൊക്കെ നടത്തണം എന്നതും തീരുമാനിക്കാനാവൂ. ഇതിനും കാലതാമസമുണ്ട്. ഒക്ടോബർ എട്ട്, ഒൻപത്, 10 തീയതികളിലായി കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് ജില്ലാ കായികമേള നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ലൈൻ മാർക്കിങ് ഉൾപ്പെടെ സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയായിട്ടുണ്ട്. എട്ട് ലെയ്ൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കിന് ചുറ്റും സുരക്ഷയ്ക്കായി ഫെൻസിങ് നിർമിക്കണം. ട്രാക്കിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് പ്രാഥമിക കരാറിൽ ഉൾപ്പെട്ടിരുന്നില്ല. ഹാമർ കേജ്, ഷോട്‌പുട്ട് സർക്കിൾ, സ്റ്റാർട്ടിങ് ബ്ലോക്ക് പോലുള്ളവ സ്ഥാപിക്കാൻ തുക അനുവദിക്കുന്നതിനായി സ്പോർട്സ് കേരള ഫൗണ്ടേഷൻ കിഫ്ബിയിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. പവിലിയൻ, നീന്തൽക്കുളം എന്നിവയുടെ അവസാനഘട്ട നിർമാണവും നടക്കുന്നു. ഇൻഡോർ സ്റ്റേഡിയം നിർമാണം 60 ശതമാനമേ പൂർത്തിയായിട്ടുള്ളൂ. കിഫ്ബി മുഖേന 51 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്. രണ്ടാംഘട്ടത്തിൽ ഹോസ്റ്റൽ നിർമാണവും പദ്ധതിയിലുണ്ട്.
സിന്തറ്റിക് ട്രാക്കുള്ള കൊടുമൺ സ്റ്റേഡിയത്തിലാണ് വർഷങ്ങളായി മേള നടക്കുന്നത്. നൂറുകണക്കിന് വിദ്യാർഥികളും കായികതാരങ്ങളും ജില്ലാകേന്ദ്രത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ഈ സ്റ്റേഡിയത്തിൽ എത്തിയാണ് പരിശീലനം നടത്തുന്നത്. ഒരു കുട്ടിക്ക് മാസം 500 രൂപ പരിശീലനത്തിന് ചെലവാകും. ദിവസേന ദീർഘദൂരം യാത്ര ചെയ്യുന്നതിനാൽ പഠനം, പരീക്ഷകൾ, പരിശീലനം എന്നിവ ഒരുമിച്ചുകൊണ്ടുപോകാൻ കുട്ടികൾക്ക് സാധിക്കാറില്ലെന്നും പരിശീലകർ പറയുന്നു.
: ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായ ഗെയിംസ് മത്സരങ്ങൾ തുടങ്ങി. ഹോക്കി, ബോക്സിങ്, ടെന്നികോയ്റ്റ്, നെറ്റ്ബോൾ തുടങ്ങിയ ഇനങ്ങൾ പൂർത്തിയായി. ജില്ലയിലെ വിവിധ സ്കൂളുകളിലാണ് മത്സരങ്ങൾ.
11-ന് കബഡി (അണ്ടർ 17, അണ്ടർ 14 ഗേൾസ്), ചെസ് മത്സരങ്ങൾ നടക്കും. പവർ ലിഫ്റ്റിങ്, വെയിറ്റ്‍ലിഫ്റ്റിങ്, സൈക്ലിങ്, ലോൺ ടെന്നീസ്, ഷൂട്ടിങ് എന്നിവ 12-നും ടേബിൾ ടെന്നീസ്, നീന്തൽ മത്സരം 14-നുമാണ്. റോളർ സ്കേറ്റിങ്, ബാസ്കറ്റ്ബോൾ, ആർച്ചറി, ത്രോബോൾ എന്നിവ 15-നും ഹാൻഡ്ബോൾ, കരാട്ടെ എന്നിവ 16-നും നടക്കും.
17, 18 തീയതികളിലായി ഖോ-ഖോയും 19-ന് വടംവലിയും നടക്കും. 22-ന് കൊടുമൺ സ്റ്റേഡിയത്തിലാണ് വോളിബോൾ മത്സരങ്ങൾ. വിവിധ വിഭാഗങ്ങളിലായി ഫുട്ബോൾ മത്സരം 22, 24, 24, 25 തീയതികളിൽ കൊടുമൺ സ്റ്റേഡിയത്തിലും പെരിങ്ങര പി.എം.വി.എച്ച്.എസിലും നടക്കും. തിരുവല്ല എസ്.സി.എസ്. എച്ച്.എസ്.എസിൽ 24, 25, 26 തീയതികളിൽ ക്രിക്കറ്റ് നടക്കും. ഷട്ടിൽ ബാഡ്മിന്റൺ 28, 29 തീയതികളിലും ബോൾബാഡ്മിന്റൺ 30-നുമാണ്. ഇതോടെ ഗെയിംസ് പൂർത്തിയാകും.