റാന്നി ടൗണിൽ കനത്തമഴ; പെരുമ്പുഴയിൽ 'വെള്ളപ്പൊക്കം'

റാന്നി : കനത്തമഴയിൽ റാന്നി ടൗണിലെ പെരുമ്പുഴയിൽ സംസ്ഥാനപാതയിൽ ഒരടിയിലധികം വെള്ളം. റാന്നി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുമ്പിലാണ് വെള്ളപ്പൊക്കം. നടപ്പാതയും കവിഞ്ഞൊഴുകിയ വെള്ളം നിരവധി കടകളിൽ കയറി. ഇട്ടിയപ്പാറ ഐത്തല റോഡിലും കോളേജ് റോഡിൽ വില്ലേജ് ഓഫീസിന് മുമ്പിലും റോഡുകൾ തോടുപോലെയായി.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ ഉണ്ടായ മഴയിലാണ് സംഭവം. ശക്തിമായ ഇടിയോടുകൂടിയാണ് കനത്തമഴ ഉണ്ടായത്. മുക്കാൽ മണിക്കൂറോളം നിർത്താതെപെയ്ത മഴയിലാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വെള്ളമായത്. എം.എസ്. സ്‌കൂൾപടി മുതൽ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി വരെയുള്ള ഭാഗത്താണ് പാത വെള്ളത്തിൽ മുങ്ങിയത്.
റോഡിൽ പാർക്കുചെയ്തിരുന്ന ബൈക്കുകൾ മറിഞ്ഞുവീണു. ശക്തമായ മഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളവും ഓടകൾ കവിഞ്ഞൊഴുകിയ വെള്ളവുമെല്ലാം റോഡിലൂടെ ഒഴുകുകയായിരുന്നു. പുതിയ കെട്ടിടങ്ങളിലൊഴികെ പ്രവർത്തിക്കുന്ന മറ്റെല്ലാ കടകളിലും വെള്ളം കയറി. സ്റ്റുഡിയോ, ബേക്കറി എന്നിവയടക്കം പത്തോളം കടകളിൽ വെള്ളംകയറി.
സംസ്ഥാനപാത നവീകരണസമയത്ത് തന്നെ ഈ ഭാഗത്തെ ഓട നിർമാണത്തിൽ അപാകതയുള്ളതായും മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമെന്നും നാട്ടുകാരും വ്യാപാരികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കരാറുകാരും നിർമാണ ചുമതലയുള്ള കെ.എസ്.ടി.പി.യും ഒന്നും ഇത് ഗൗനിച്ചതേയില്ല. മഴ തുടർന്നിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ദുരിതമാവുമായിരുന്നു.
കോളേജ് റോഡിലും വെള്ളക്കെട്ട്
ഇട്ടിയപ്പാറ കോളേജ് റോഡിൽ വില്ലേജ് ഓഫീസിലേക്ക് കയറുന്ന ഭാഗത്താണ് വെള്ളക്കെട്ടുണ്ടായത്. വില്ലേജ് ഓഫീസിലേക്ക് തിരിയുന്ന ഭാഗത്ത് കോളേജ് റോഡിൽ കലുങ്ക് നിർമാണത്തിൽ അപാകത ഉണ്ടായി. പിന്നീട് ഇതിന്റെ വശത്ത് വില്ലേജ് ഓഫീസിലേക്കുള്ള നടപ്പാത തുടങ്ങുന്ന സ്ഥലത്ത് ഗ്രില്ലിടുകയാണുചെയ്തത്. ഇതിലൂടെ വെള്ളം ശരിയായി ഒഴുകി ഓടയിലേക്ക് പോകാതിരുന്നതാണ് വെള്ളക്കെട്ടിന് കാരണമായത്. സമീപമുള്ള കടകളുടെ തിണ്ണ നിരപ്പിൽ വെള്ളംകയറി. അല്പസമയംകൂടി മഴ തുടർന്നിരുന്നെങ്കിൽ ഇവിടെയും കടകളിൽ വെള്ളം കയറുമായിരുന്നു. ഐത്തല റോഡിൽ നേരത്തേ മുതൽ ഇതാണ് സ്ഥിതി. ഐത്തല റോഡും ഇതുചേരുന്ന സംസ്ഥാനപാതയും നവീകരിച്ചെങ്കിലും ഇതിന് പരിഹാരമുണ്ടായിട്ടില്ല.