ഈവഴി പോയാൽ കുടുങ്ങി

ഇടുങ്ങിയ ചാക്കമറ്റംപാലവും തകർന്ന നെയ്തേലിപ്പടി - നാരകത്താനി റോഡും
കീഴ്വായ്പൂര് : ഏഴുമറ്റൂരിലേക്ക് കീഴ്വായ്പൂരിൽനിന്നുള്ള എളുപ്പവഴിയായ നെയ്തേലിപ്പടി-നാരകത്താനി റോഡ് തകർന്നു. ചാക്കമറ്റം വഴിയുള്ള പാതയാണ് കുണ്ടുംകുഴിയുമായത്. കഷ്ടിച്ച് ഒന്നേകാൽ കിലോമീറ്റർ ദൈർഘ്യംമാത്രമുള്ള റോഡ് നശിച്ചുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വഴി മോശമായതു കാരണം പടുതോട് വഴി മൂന്നുകിലോമീറ്ററോളം അധികം യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ.
പാടുപെട്ടായാലും ഇതിലെ പോകാമെന്ന് വിചാരിച്ചാൽ ഇടുങ്ങിയ പാലവും റോഡിലേക്ക് വളർന്നുനിൽക്കുന്ന വള്ളിപ്പടർപ്പുകളും വലയ്ക്കുമെന്നുറപ്പാണ്. റോഡ് പൊളിഞ്ഞതോടെ നടന്നുപോകുന്നതുപോലും ദുഷ്കരമായി. പാറത്തോടിന് കുറുകെ ചാക്കമറ്റത്തുള്ള പാലം, റോഡിലെ കുപ്പിക്കഴുത്തായി നിൽക്കുന്നു. വഴിയെക്കാൾ ഉയരത്തിലുള്ള പാലത്തിൽ കയറിക്കഴിയുമ്പോഴാണ് അപ്പുറത്തുനിന്ന് മറ്റൊരു വാഹനം പകുതിയെത്തിയെന്ന് അറിയുക. അപകടമൊഴിവാക്കി പിന്നിലേക്ക് എടുക്കാനും ഏറെ കഷ്ടപ്പെടണം.
പാലത്തിന്റെ അടിയിലെ കോൺക്രീറ്റുപൊട്ടി ഉള്ളിലെ കമ്പികൾ പുറത്തായിട്ടുണ്ട്. കൈവരികളും തകർന്ന നിലയിലാണ്. ഏതു നിമിഷവും അപകടം പ്രതീക്ഷിക്കാം.
പാലം പൊളിച്ച് വീതിവർധിപ്പിച്ച് പണിയുന്നതിന് പകരം തൊട്ടടുത്ത് തരിശുകിടക്കുന്ന ചെറിയ പാടത്തേക്ക് തുറന്ന നിലയിൽ കലുങ്ക് നിർമിക്കുകയാണ് കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതി ചെയ്തത്. 15 ലക്ഷത്തിലധികം രൂപ ഈയിനത്തിൽ ചെലവായി.
ചാക്കമറ്റം പാലവും റോഡും വീതി വർധിപ്പിച്ച് നവീകരിക്കണമെന്നും ബസ് സർവീസ് അനുവദിക്കണമെന്നും ആവശ്യമുണ്ട്. പ്രധാന റോഡിൽ തടസ്സം നേരിട്ടാൽ ബൈപ്പാസായി ഉപയോഗിക്കാമെന്നതിന് പുറമേ യാത്രാദൂരം കുറയ്ക്കാമെന്ന സൗകര്യവും പുതിയ പാലം വരുന്നതിലൂടെ ലഭിക്കും.