വയോജനങ്ങൾക്ക് തുണയായി സൗഹൃദവേദി; ഒറ്റപ്പെടലുകളിൽനിന്ന് കൂട്ടായ്മകളിലേക്ക്

പത്തനംതിട്ട : വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് ആശ്വാസവും കരുതലും പകർന്ന് പത്തനംതിട്ട ബ്ലോക്ക് പഞ്ചായത്തുകളിൽ വയോജനസൗഹൃദവേദികൾ ഒരുങ്ങുന്നു. മാനസികസമ്മർദവും ഏകാന്തതയും അകറ്റി, മുതിർന്ന പൗരന്മാരുടെ സാമൂഹിക പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കാനായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മണ്ഡലങ്ങളിൽ വയോജനക്കൂട്ടായ്മകൾ രൂപവത്കരിച്ചത്.ബ്ലോക്ക്തല ഉദ്ഘാടനം ചെന്നീർക്കരയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോജി പോൾ ദാനിയേൽ നിർവഹിച്ചു.
മുതിർന്ന പൗരന്മാർ നേരിടുന്ന ആരോഗ്യ- സാമൂഹിക പ്രശ്നങ്ങൾ, പെൻഷൻ, യാത്രാക്ലേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ബന്ധപ്പെട്ട സർക്കാർവകുപ്പുകളുടെ ശ്രദ്ധയിലെത്തിക്കാനുള്ള പാലമായി സൗഹൃദവേദികൾ പ്രവർത്തിക്കും. ആരോഗ്യ-ക്ഷേമ ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, കലാ-കായിക- വിനോദ പരിപാടികൾ, സൗഹൃദ മത്സരങ്ങൾ എന്നിവയും എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കും.ചെന്നീർക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പ്രദീപ് കെ.നായർ, വരദരാജൻ, മോനി ദാനിയേൽ, ബാബു വി.ശാമുവേൽ, ശിബു ഓരിക്കൊമ്പിൽ, ആനി മോനി, ഷാജി വർഗീസ്, ദേവീന്ദ്രൻ പിള്ള, ടി.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.