തൃക്കക്കുടിയിലെ ചരിത്രസ്മാരകം ചരിത്രമാകുമോ ?

അടിസ്ഥാനസൗകര്യങ്ങളില്ല, വികസനം കടലാസിൽ

കവിയൂർ : ചരിത്രസ്മാരകമായ തൃക്കക്കുടി ഗുഹാക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ടൂറിസം സാധ്യതകളെ ബാധിക്കുന്നു. കുടിവെള്ളം അടക്കമുള്ള കാര്യങ്ങളിലെ പോരായ്മ ഇവിടെ എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നു. ഒട്ടേറെ സന്ദർശകർ ദിനംപ്രതി വരുന്ന സ്ഥലമായിട്ടും തൃക്കക്കുടിയെ അധികാരികൾ അവഗണിക്കുകയാണ്. ഇക്കാര്യം മനസ്സിലാക്കൻ ഗുഹാക്ഷേത്രമൊന്ന് നേരിട്ടുകണ്ടാൽ മതി.

വയനാട്ടിലെ എടയക്ക്ൽ ഗുഹയ്ക്ക് സമാനമായി വികസനത്തിന് കളമൊരുക്കാൻ കഴിയുന്ന ഇടമാണിത്. എന്നിട്ടും ചരിത്രഗ്രന്ഥത്തിന്റെ താളിലൊതുങ്ങുന്ന നില. കർക്കടകത്തിൽ രാമായണമാസക്കാലത്തും കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസ സമയത്തും തൃക്കക്കുടിയിൽ തിരക്കേറും. ഇവിടെ ശൗചാലയം ഇല്ലാത്തതിനാൽ പ്രഥമികാവശ്യം നിറവേറ്റാൻ സമീപത്തെ വീടുകളെ ആശ്രയിക്കണം. ശുദ്ധജലം കുടിക്കാൻ വേണ്ടുന്നതിനുള്ള ക്രമീകരണങ്ങളുമില്ല. ഗുഹാക്ഷേത്രപരിസരം മിക്കപ്പോഴും കാടാണ്. യഥാസമയമിവ വെട്ടിനീക്കാറില്ല.

ശില്പഭംഗിയുടെ വിസ്മയക്കാഴ്ച

എ.ഡി. എട്ടാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന കരുതപ്പെടുന്ന സ്മാരകമാണ്. ഭീമാകാരമായ പാറയിൽ അപൂർവമായ ശില്പസൗന്ദര്യം നിറയുന്ന കൊത്തുപണികളോടുകൂടിയത്. പാറ സമചതുരാകൃതിയിൽ തുരന്നെടുത്ത് പത്തടിയോളം നീളത്തിലും അത്രതന്നെ വീതിയിലുമാണ് ക്ഷേത്രത്തിന്റെ നിർമാണം. പല്ലവ ശില്പകലയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞ ശിലാപ്രതിമകൾ.

ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ ശിവലിംഗപ്രതിഷ്ഠ. പ്രവേശനകവാടഭാഗത്ത് രണ്ട്‌ ദ്വാരപാലകർ, വശങ്ങളിൽ ഗണപതി തുടങ്ങിയവരുടെ രൂപങ്ങൾ പാറയിൽ കൊത്തിയിട്ടുണ്ട്. ഏകദേശം ഒരേക്കർ വിസ്തൃതിയിൽ 50 അടിയോളം ഉയരത്തിൽ പരന്നുകിടക്കുന്ന പാറയുടെ പുറത്തിരുന്ന് വിശ്രമിക്കാൻ കഴിയുമെങ്കിലും അതിനുള്ള സംവിധാനങ്ങളില്ല. പലഭാഗങ്ങളും കൈയേറിയ വ്യക്തികൾ അവരുടെ ഭൂമിയുടെ ഭാഗമാക്കി. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി പൂന്തോട്ടവും ജലധാരയും ഉൾപ്പെടെ ക്രമീകരിച്ച് കൂടുതൽ ആകർഷകമാക്കാൻ കഴിയും.

മന്ത്രിമാർ സന്ദർശിച്ചിട്ടുംപ്രയോജനമുണ്ടായില്ല

മുൻ കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനവും മുൻ സംസ്ഥാന മന്ത്രിയായിരുന്ന അഹമദ് ദേവർകോവിലും തൃക്കക്കുടി സന്ദർശിച്ചിരുന്നു. അൽഫോൻസ് കണ്ണന്താനം ബി.ജെ.പി. ജില്ലാ ഭാരവാഹികൾ മുഖേന വിശദമായ പദ്ധതി തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടതാണ്. അതിനിടെ സഹമന്ത്രിസ്ഥാനം നഷ്ടമായതിനാൽ പിന്നീടൊന്നും നടന്നില്ല. അഹമ്മദ് ദേവർകോവിലിനും കവിയൂരിലെ എൽ.ഡി.എഫ്. നേതൃത്വം പദ്ധതി തയ്യാറാക്കി നൽകി. തുടർനടപടികൾ ഉണ്ടായില്ല. ക്ഷേത്രം ദേവസ്വം ബോർഡിന്റെയും സ്മാരക ശിൽപ്പങ്ങൾ പുരവസ്തുവകുപ്പിന്റെയും സ്ഥലം റവന്യൂവിന്റെയും അധീനതയിലാണ്.