അപകടക്കെണിയായി

റാന്നി : അപകടങ്ങൾ തുടരുമ്പോഴും ശബരിമല അനുബന്ധപാതയായ റാന്നി-കോഴഞ്ചേരി റോഡിലെ ചാക്കപ്പാലം വളവിൽ സുരക്ഷാ നടപടികളില്ല. നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഏതാനും ദിവസം മുമ്പ് കാർ 25 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീണതാണ് അവസാന സംഭവം.
കോഴഞ്ചേരി ഭാഗത്തുനിന്നും വരുന്നവർ പാലം കയറി വേണം റാന്നിക്ക് പോകാൻ. പരിചയമില്ലാത്തവർ എത്തുമ്പോൾ പലപ്പോഴും പാലത്തിലേക്ക് കയറാതെ നേരെ പോകാനൊരുങ്ങുന്നു. നേരെ പോകുന്നത് കുടിലുമുക്ക് റോഡാണ്. വഴി തെറ്റിയെന്ന് മനസ്സിലാക്കി പെട്ടെന്ന് വാഹനം തിരിച്ച് പാലത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്.
രണ്ട് റോഡുകളിൽ നിന്നും എതിർ ദിശയിലെത്തുന്ന വാഹനങ്ങളുമായി ഇടിച്ച് അപകടമുണ്ടാകുന്നു. കൂടാതെ പെട്ടെന്ന് തിരിക്കുമ്പോൾ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിക്കും കുടിലുമുക്ക് റോഡിനും ഇടയിലൂടെ തോട്ടിലേക്ക് വീഴാനും ഇടയാകുന്നുണ്ട്. സമാന രീതീയിലാണ് കഴിഞ്ഞ ആഴ്ചയിൽ ഇലന്തൂർ സ്വദേശിയുടെ കാർ തോട്ടിലേക്ക് വീണത്. തെങ്ങിൽത്തട്ടി തിട്ടലിലൂടെ നിരങ്ങിയാണ് കാർ തോട്ടിലേക്ക് വീണത്. അതിനാൽ കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും സാരമായ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
വളവിൽ മുന്നറിയിപ്പ് ബോർഡുകളും കൈവരിക്ക് സമീപം വാഹനം തോട്ടിലേക്ക് മറിയാൻ സാധ്യതയുള്ള ഭാഗത്ത് ഇരുമ്പുവേലികളും വേണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നു. എന്നാൽ, നടപടി ഉണ്ടാകുന്നില്ല. പാലത്തിൽ വീതി കുറവാണ്. മുമ്പ് റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ ഈ പാലത്തിന്റെ വീതി കൂട്ടുകയോ വളവ് നിവർത്തുകയോ ഉണ്ടായില്ല. ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ ഈ പാതയിൽ വാഹനത്തിരക്ക് ഇരട്ടിയായി.
തീർഥാടകരിൽ മിക്കവർക്കും റോഡ് പരിചിതമല്ല. അത്തരക്കാർ എത്തുമ്പോഴാണ് അപകട സാധ്യത കൂടുന്നത്. ചെങ്ങന്നൂർ, കോഴഞ്ചേരി ഭാഗങ്ങളിലൂടെ എത്തുന്ന നൂറ് കണക്കിന് താർഥാടക വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. എരുമേലിക്ക് പോകേണ്ടവരും ശബരിമലയ്ക്ക് നേരിട്ട് പോകുന്നവരും ഇതുവഴി എത്തുന്നു. അതിനാൽ എത്രയും വേഗം സുരക്ഷാ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപകടമൊഴിവാക്കാൻ നടപടി ഉണ്ടാകണം
അപകടസാധ്യത ഒഴിവാക്കാൻ അടിയന്തരനടപടി വേണം. ഇക്കാര്യം പലതവണ നാട്ടുകാർ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ, ഇതുവരെ നടപടിയുണ്ടായിട്ടില്ല. ശബരിമല മണ്ഡലകാലത്തിന് മുമ്പെങ്കിലും മുന്നറിയിപ്പ ബോർഡുകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല. മിക്ക ദിവസങ്ങളിലും ഇവിടെ അപകടങ്ങളുണ്ടാകുന്നു. ഇതൊഴിവാക്കാൻ സുരക്ഷാ നടപടികളുണ്ടാവണം.
വി. വിഷ്ണുകുമാർ,
വി.കെ.വി. സ്റ്റോഴ്സ്,
ചാക്കപ്പാലം