തീർഥാടകരുടെ ദിശ തെറ്റിക്കുന്ന ദിശാബോർഡ് ഇനിയും മാറ്റിയില്ല

ഏഴംകുളം : കെ.പി. റോഡിൽ ഏഴംകുളം ജങ്ഷനിൽ ശബരിമല തീർഥാടകർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ദിശാ ബോർഡ്. പത്തനാപുരം ഭാഗത്തുനിന്ന് വരുമ്പോൾ വലതുവശത്തായാണ് ബോർഡ് കാണാനാവുക. ഏഴംകുളം ജങ്ഷനിൽനിന്ന് അല്പം കിഴക്കോട്ട് മാറിയാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
ശബരിമല എന്നെഴുതിയ ബോർഡിൽ ദിശാ സൂചിക നൽകിയിരിക്കുന്നത് അടൂർ ഭാഗത്തേക്കാണ്. ഏഴംകുളം ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കൈപ്പട്ടൂർ റോഡ് വഴി പത്തനംതിട്ടയ്ക്ക് പോകാൻ സാധിക്കും. അതിനാൽ സൂചിക വലതു വശത്തേക്കാണ് സൂചിപ്പിക്കേണ്ടത്. ഏഴംകുളം കൈപ്പട്ടൂർ റോഡ് മികച്ച രീതിയിൽ നവീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതര സംസ്ഥാന തീർഥാടകർക്ക് ഉൾപ്പെടെ ബോർഡിലെ സൂചിക നോക്കിയാൽ ദിശ തെറ്റാം. തമിഴ്നാട്ടിൽനിന്ന് ഒട്ടേറെ തീർഥാടകർ ഈ വഴി ശബരിമലയ്ക്ക് പോകുന്നുണ്ട്. ബോർഡിൽ ആറ് ഭാഷകളിൽ ശബരിമല എന്ന് എഴുതിയിട്ടുണ്ട്. ഒരു ഭാഷ മാഞ്ഞുപോയിട്ടുണ്ട്. പത്തനാപുരത്തുനിന്ന് വരുന്ന ഭാഗത്താണ് ദൂരെനിന്ന് വളരെ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലാണ് ബോർഡ് വെച്ചിട്ടുള്ളത്.
നവീകരിച്ച കൈപ്പട്ടൂർ റോഡിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ആശയക്കുഴപ്പമുണ്ടാക്കുന്ന ദിശാ ബോർഡ് മാറ്റിയാൽ മാത്രമേ യാത്രക്കാർക്ക് ശരിയായ സൂചന ലഭിക്കൂ. ശരിയായ ദിശ സൂചന നൽകിയാൽ ഒട്ടേറെ തീർഥാടകർക്ക് അടൂർ ടൗണിലെ ട്രാഫിക് ഒഴിവാക്കി സുഗമമായി പത്തനംതിട്ടയിലേക്ക് പോകാം.