റോഡ് കൈയേറാനുള്ള നീക്കം തടഞ്ഞു

മഞ്ഞക്കടമ്പ് : കോന്നി പഞ്ചായത്ത് മുരിങ്ങമംഗലം വാർഡിലെ വാഴത്തോപ്പിൽ ആരംഭിച്ച് പാറമടയിലേക്ക് നിർമിച്ച റോഡ് മെഡിക്കൽ കോളേജ് പൊതുമരാമത്തു റോഡിൽ ചേർക്കാനുള്ള നീക്കം ജനകീയ സമരസമിതി തടഞ്ഞു. മുരിങ്ങമംഗലം മെഡിക്കൽ കോളേജ് റോഡ് ബി.എം. ആന്റ് ബി.സി. നിലവാരത്തിൽ നിർമിച്ചതാണ്. പാറമടയിലേക്കുള്ള പ്രവേശനവഴിയുടെ മുൻപിലൂടെയാണ് മെഡിക്കൽ കോളേജ് റോഡ് കടന്നുപോകുന്നത്.
പാറമടയിലേക്ക് വരുന്ന ലോറികൾക്കായി സ്വകാര്യ വഴി നിർമിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് റോഡിൽനിന്നാണ് ഇതിന്റെ പ്രവേശനം. പൊതുമരാമത്തുറോഡ് അനുമതി വാങ്ങാതെ പാറമട ഉടമ കൈയേറി കമ്പികൾ പാകി കോൺക്രീറ്റ് ചെയ്യാനായിരുന്നു നീക്കം. 20 മീറ്റർ നീളത്തിൽ മെഡിക്കൽ കോളേജ് റോഡ് കൈയേറിയാണ് കോൺക്രീറ്റിങ് നടത്താൻ തീരുമാനിച്ചത്.
ഇതിൽ പ്രതിഷേധം ഉയർന്നു. പൊതുമരാത് വകുപ്പ് അധികാരികളും പോലീസും സ്ഥലത്തെത്തി നിർമാണപ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു.