കുഴിയടച്ചു, ഇനി വരയ്ക്കണം...

അടൂർ : അതീവ സുരക്ഷാ പദ്ധതിയിൽ പുനരുദ്ധാരണം നടത്തിയ എം.സി. റോഡിൽ ഏനാത്ത് മുതൽ അടൂർ ബൈപ്പാസ് വരെയുള്ള ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികൾ കെ.എസ്.ടി.പി. അധികൃതർ അടച്ചു. ഏനാത്ത് മുതൽ അടൂർ ബൈപ്പാസ് വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും ടാർ ഇളകിയാണ് കുഴികൾ രൂപപ്പെട്ടത്.

അടൂർ ബൈപ്പാസിലും അപകടകരമായ ഒട്ടേറെ കുഴികളുണ്ടായിരുന്നു. പൊതുവേ അപകടസാധ്യത കൂടുതലുള്ള ബ്ലാക്ക് സ്പോട്ടായി പരിഗണിക്കപ്പെടുന്ന ബൈപ്പാസിൽ രാത്രികാലങ്ങളിൽ അമിതവേഗത്തിൽ ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്നതും പതിവാണ്. റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണ് അപകടമുണ്ടാകുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ.റോഡ് പുനരുദ്ധാരണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനി അടുത്തകാലംവരെ കുഴികൾ അടയ്ക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കരാർ കാലാവധി അവസാനിച്ചതോടെ അറ്റകുറ്റപ്പണികൾ മുടങ്ങി. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ സെപ്റ്റംബർ നാലിന് വാർത്ത നൽകിയിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അടൂർ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് എസ്.ഐ. ജി. സുരേഷ് കുമാർ കുഴികളുടെ ഗൗരവം ചൂണ്ടിക്കാട്ടി കെ.എസ്.ടി.പി.ക്ക് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കുഴികൾ അടച്ചത്.എന്നാൽ, കുഴികൾ അടയ്ക്കുന്നതിനൊപ്പം പരിഹരിക്കേണ്ട മറ്റൊരു പ്രധാന പ്രശ്നം റോഡിലെ അടയാളങ്ങൾ മാഞ്ഞുപോയതാണ്. അടൂർ ബൈപ്പാസ് ഉൾപ്പെടെ എം.സി. റോഡിൽ ഏനാത്ത് വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും വെള്ള, മഞ്ഞ വരകൾ മാഞ്ഞ നിലയിലാണ്. സീബ്രാ വരകളും പലയിടത്തും വ്യക്തതയില്ലാത്ത അവസ്ഥയിലാണ്. റോഡിലെ മാഞ്ഞ വരകളും സീബ്രാ വരകളും വരയ്ക്കണമെന്നാണ് ആവശ്യം.