മുട്ടുമണ്ണിൽ നിയന്ത്രണംതെറ്റിയ കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിച്ചു

രണ്ടുപേർക്ക് ഗുരുതര പരിക്ക്‌

മുട്ടുമൺ : പെട്രോൾ പമ്പിനുസമീപം നിയന്ത്രണംതെറ്റിയ കാർ എതിർദിശയിൽ വന്ന സ്കൂട്ടറുകളിൽ ഇടിച്ച് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച 12.30-ന് തിരുവല്ല ഭാഗത്തുനിന്നെത്തിയ കാറാണ് ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് സ്കൂട്ടറുകളിൽ ഇടിച്ചത്. കുമ്പനാട് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഹരി, കുമ്പനാട് മുതക്കോട്ട് അരുൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഹരിയെ പിന്നീട് തിരുവനന്തപുരത്തേക്കും അരുണിനെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലുള്ള എക്സൈസ് സി.ഐ.യുടെ ഭാര്യയുടെ പേരിലുള്ളതാണ് അപകടത്തിനിടയാക്കിയ കാർ. അപകടത്തിന് തൊട്ടുമുമ്പ് കാറോടിച്ചിരുന്ന യുവാവ് ഉറക്കംവന്നതിനെ തുടർന്ന് വാഹനം നിർത്തി മുഖംകഴുകിയതിനുശേഷം വീണ്ടും യാത്ര തുടർന്നപ്പോഴാണ് മുട്ടുമണ്ണിൽവെച്ച് അപകടം ഉണ്ടായതെന്ന് കോയിപ്രം പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതി മദ്യപിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.