അടൂർ ഹൈസ്കൂൾ ജങ്ഷൻ: കുഴി അടച്ചു; വഴികാട്ടാതെ വഴികാട്ടി

അടൂർ : എം.സി. റോഡിൽ യാത്രക്കാർ നേരിട്ടിരുന്ന ഇരട്ടപ്രതിസന്ധികളിൽ ഒന്നിന് പരിഹാരമായി. ഹൈസ്കൂൾ ജങ്ഷനുസമീപം ബൈപ്പാസിലേക്ക് തിരിയുന്നതിന് തൊട്ടുമുൻപുള്ള സൂചനാ ബോർഡിനരികിലെ വലിയ കുഴി കഴിഞ്ഞദിവസം അടച്ചു. കുഴിയടച്ച ആശ്വാസത്തിനിടയിലും യാത്രക്കാരെ വലയ്ക്കുന്നത് ദിശകൾ വ്യക്തമാകാത്ത വഴികാട്ടിയാണ്.
റോഡിലെ കുഴിയെപ്പറ്റി ഒക്ടോബർ 23-ന് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ട ട്രാഫിക് എസ്.ഐ. ജി. സുരേഷ് കുമാർ കുഴി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.പി.ക്ക് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ കുഴി സിമന്റിട്ട് അടച്ചത്.
വഴികാട്ടി ബോർഡിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അക്ഷരങ്ങൾ മാസങ്ങൾക്കുമുൻപേ മാഞ്ഞുതുടങ്ങിയതാണ്. ഇപ്പോൾ ശബരിമല, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദിശകൾ തിരിച്ചറിയാൻ കഴിയില്ല. ശബരിമല സീസൺ ആരംഭിച്ചിട്ടും ബോർഡ് പുനഃസ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറായിട്ടില്ല. കോട്ടയം ഭാഗത്തുനിന്ന് എം.സി. റോഡ് വഴിയും കായംകുളം ഭാഗത്തുനിന്ന് കെ.പി. റോഡ് വഴിയും അടൂരിലെത്തുന്ന അന്യസംസ്ഥാന വാഹനയാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.