നാടകവിരുന്നിന് തിരശ്ശീല ഉയരുന്നു

കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നാടകോത്സവത്തിൻ്റെ ലോഗോ പ്രകാശനം സി.ആർ.മഹേഷ് എം.എൽ.എ.നിർവഹിക്കുന്നു
കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നാടകോത്സവത്തിൻ്റെ ലോഗോ പ്രകാശനം സി.ആർ.മഹേഷ് എം.എൽ.എ.നിർവഹിക്കുന്നു

തെങ്ങമം: നാടകപ്രേമികൾക്ക് മൂന്ന് ദിനങ്ങളിൽ നാടകവിരുന്നൊരുക്കാൻ കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രം. ഗ്രന്ഥശാലയുടെ നാല്പതാം വാർഷികാഘോഷമായ 'പതംഗ് @40-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബ്രദേഴ്സ് നാടകോത്സവം ഡിസംബർ 24 മുതൽ 26 തീയതികളിൽ നടക്കും. നാടകോത്സവത്തിന്റെ ലോഗോ സി.ആർ. മഹേഷ് എം.എൽ.എ. ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതയ്ക്കലിന് കൈമാറി പ്രകാശനം നിർവഹിച്ചു.

ചാപ്ലിൻ കുഞ്ഞൂട്ടൻ, ലക്ഷ്മണരേഖ, പടയോട്ടം തുടങ്ങി നാടകങ്ങളാണ് നാടകോത്സവത്തിൽ അരങ്ങിലെത്തുന്നത്. എല്ലാ ദിവസവും രാത്രി ഏഴിനാണ് നാടകം. മലയാള നാടകവേദിയുടെ സമ്പന്നമായ പാരമ്പര്യവും അഭിനയകലയിലെ വൈവിധ്യങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സാമൂഹിക യാഥാർഥ്യങ്ങളും മനുഷ്യബന്ധങ്ങളുടെ ആഴവും ഹാസ്യവും ചിന്തകളും കോർത്തിണക്കുന്ന നാടകാനുഭവങ്ങൾ സമ്മാനിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.

നാടകോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾ അവതരിപ്പിക്കുന്ന കൊച്ചുനാടകങ്ങളും അരങ്ങേറും. കുട്ടികളിലെ സർഗാത്മകതയും അഭിനയശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും നാടകകലയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും.

ബ്രദേഴ്സ് സെക്രട്ടറി പി.ജയകുമാർ, കമ്മിറ്റി അംഗങ്ങളായ ആർ.ബൈജു, കെ.സി.പ്രതീഷ്, എം.അഖിൽ, എസ്.ആദർശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Kaithakkal Brothers Library and Cultural Centre will host a three-day drama festival from December 24 to 26 in Thengamam as part of its 40th anniversary celebrations.