ഹൈസ്പീഡ് റെയിൽ അനിവാര്യം - ഇ. ശ്രീധരൻ

തിരുവല്ലയില്‍ ഹൈസ്പീഡ് റെയില്‍ ചര്‍ച്ചാ സമ്മേളനം തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യുന്നു. കര്‍ദിനാള്‍ ബിസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ സമീപം
തിരുവല്ലയില്‍ ഹൈസ്പീഡ് റെയില്‍ ചര്‍ച്ചാ സമ്മേളനം തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യുന്നു. കര്‍ദിനാള്‍ ബിസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ സമീപം

തിരുവല്ല: യാത്രത്തിരക്ക് ഏറെയുള്ള കേരളത്തിൽ ഹൈസ്പീഡ് റെയിൽ അനിവാര്യതയാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. തിരുവല്ലയിൽ, കേരളം ഹൈസ്പീഡ് റെയിൽ സംവേദനാത്മക ചർച്ചാസമ്മേളനത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദഹം. പ്രതിദിനം ഒരുലക്ഷത്തിലധികം ആളുകൾ തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ ട്രെയിൻ യാത്ര നടത്തുന്നതായാണ് കണക്കുകൾ. സാധാരണ തീവണ്ടികൾക്ക് തിരുവനന്തപുരം മുതൽ കണ്ണൂർവരെയെത്താൻ 10 മുതൽ 12 മണിക്കൂർവരെ വേണം. വന്ദേഭാരതിന് ഇത് 6.45 മണിക്കൂറാണ്. ഹൈസ്പീഡ് റെയിലിൽ ഇത് 3.30 മണിക്കൂറായി കുറയുമെന്ന് ശ്രീധരൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് തുടങ്ങി കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട വഴി തിരുവല്ലയിലെത്തിയാണ് നിർദിഷ്ട ഹൈസ്പീഡ് റെയിൽപ്പാത കടന്നുപോകുക. തിരുവനന്തപുരത്തുനിന്ന് തിരുവല്ലയിലെത്താൻ 60 മിനിറ്റാണ് യാത്രാസമയം. തിരുവല്ലയിൽനിന്ന് കൊച്ചിക്ക് 35 മിനിറ്റാണ് കണക്കാക്കുന്ന യാത്രാസമയം. ഒന്നേമുക്കാൽ മണിക്കൂറുകൊണ്ട് കോഴിക്കോട്ട് എത്തും. 60,000 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.

60 ശതമാനം തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായി വീതം വെയ്ക്കുംവിധമാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് വഴി ബാക്കി തുക കണ്ടെത്താനാകുമെന്നും ശ്രീധരൻ പ്രതീക്ഷ പ്രകടിപ്പിച്ചു. പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം മാർത്തോമ്മാസഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, മുൻ എം.എൽ.എ. രാജു എബ്രഹാം, ഫാ. എബ്രഹാം മുളമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

Content Highlights: Metroman E. Sreedharan highlighted the necessity of a high-speed rail project in Kerala during an interactive seminar held in Thiruvalla.