കുടിവെള്ളമെത്തുന്നതിൽ പ്രതിസന്ധി; താത്കാലിക തടയണ നിർമാണം തുടങ്ങി

ഒറ്റപ്പാലം : റോഡ് നവീകരണത്തെത്തുടർന്ന് കുടിവെള്ളലഭ്യതയിൽ പ്രതിസന്ധിയിലായതോടെ തോടിന് കുറുകേ താത്കാലിക തടയണ നിർമിക്കാൻ ശ്രമം.
തോട്ടക്കര പോസ്റ്റ് ഓഫീസ് വാർഡിലാണ് കൗൺസിലർ ടി.കെ. ജയശങ്കറുടെ നേതൃത്വത്തിൽ കിണറുകളുടെ റീചാർജിങ് ലക്ഷ്യമിട്ട് കണ്ണിയംപുറം തോടിന് കുറുകെ തടയണ നിർമിച്ചു തുടങ്ങിയത്. തോട്ടക്കര മാത്തൂർമന റോഡിൽ തൊണ്ടിയിൽ ഭാഗത്താണ് തടയണ നിർമാണം. തൊഴിലാളികളെ നിയോഗിച്ചു മണൽചാക്കുകൾ നിരത്തിയാണ് നഗരസഭയുടെ സഹകരണത്തോടെ തടയണ നിർമിക്കുന്നത്.
ഒറ്റപ്പാലം-ചെർപ്പുളശ്ശേരി പാതയുടെ നവീകരണത്തെത്തുടർന്ന് വാർഡിൽ പല പ്രദേശങ്ങളിലും വെള്ളം എത്തുന്നതിൽ പ്രതിസന്ധിയുണ്ട്. പാത നവീകരണത്തിനൊപ്പം ജല അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കലും നടക്കുന്നുണ്ട്. ഇതും വെള്ളമെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇതൊക്കെ കണക്കിലെടുത്താണ് നേരത്തെ തന്നെ തടയണ നിർമാണത്തിലേക്ക് കടന്നത്. വർഷാവർഷം ഡിസംബർ, ജനുവരി മാസങ്ങളിലാണ് വേനലിലേക്ക് ജലം സംഭരിക്കുകയെന്ന ലക്ഷ്യത്തോടെ തോടുകളിൽ തടയണ കെട്ടാറുള്ളത്.
ബുധനാഴ്ച വൈകീട്ട് ശക്തമായി മഴ പെയ്തതിനെത്തുടർന്ന് പണി നിർത്തിവെച്ചു. അടുത്തദിവസം പണി വീണ്ടും തുടങ്ങും. കണ്ണിയപ്പുറം, കിഴക്കേതോട് എന്നിവിടങ്ങളിൽ ഈ വർഷവും താത്കാലിക തടയണകൾ നിർമിക്കുമെന്ന് നഗരസഭാധ്യക്ഷ എം.കെ. ജയസുധ അറിയിച്ചു.