തോട്ടക്കര മേഖലയിലേക്ക് വെള്ളമെത്തുന്നത് ഒന്നിടവിട്ട്

നഗരസഭയിലെ അഞ്ച് വാർഡുകൾ പ്രതിസന്ധിയിൽ

ഒറ്റപ്പാലം : ദിവസവും ശുദ്ധജലം ലഭിക്കുമെന്ന പ്രഖ്യാപനവുമായി നടപ്പാക്കിയ പദ്ധതിവഴി വെള്ളമെത്തുന്നത് നാലുദിവസത്തിലൊരിക്കൽ. ഇതോടെ ജല അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾ ബുദ്ധിമുട്ടിലായി. നഗരസഭയിലെ അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന തോട്ടക്കര മേഖലയിലാണ് ഈ പ്രതിസന്ധി.

ജലവിതരണം കാര്യക്ഷമമാക്കുന്നതിന് 2023-ലാണ് സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 39.2 ലക്ഷം രൂപ ചെലവിൽ പദ്ധതി നടപ്പാക്കിയത്. ചേരിക്കുന്ന് ജലസംഭരണിയിൽനിന്ന് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് അന്നത്തെ വാർഡുകളായ ചേരിക്കുന്ന്, തോട്ടക്കര, മയിലുംപുറം, അരീക്കപ്പാടം, പാലാട്ട് റോഡ് വാർഡുകളിൽ 24 മണിക്കൂറും വെള്ളമെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.

സംഭരണിയിൽനിന്ന് ഒറ്റപ്പാലം പട്ടണത്തിലേക്കുള്ള വിതരണ ലൈനിൽനിന്നാണ് ഈ ഭാഗങ്ങളിലേക്ക് ജലവിതരണം നടന്നിരുന്നത്. ഇതുമാറ്റി ചേരിക്കുന്ന് സംഭരണിയിൽനിന്ന് വ്യാസം കൂടിയ പൈപ്പ് ലൈൻ സ്ഥാപിച്ച് മോളുകുർശ്ശിവഴി വിതരണം ചെയ്യുന്ന വിധത്തിലായിരുന്നു പദ്ധതി.

ചേരിക്കുന്ന്, വയ്യാട്ട്കുന്ന്, മോളുകുർശ്ശി, ആലുംകുന്ന്, തോട്ടക്കര, അരീക്കപ്പാടം വഴിയാണ് പൈപ്പ് ലൈൻ വലിച്ചിരുന്നത്. ഇതിൽ പാലാട്ട് റോഡ് വാർഡ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഫണ്ട് തികയാതെ വന്നതോടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 60 ലക്ഷം രൂപ ചെലവഴിച്ചും പൈപ്പ് ലൈൻ സ്ഥാപിച്ചു. വയ്യാട്ടുകുന്ന് ഭാഗം വരെയാണ് സംസ്ഥാന പദ്ധതിയിൽ പൈപ്പ് ലൈൻ വലിച്ചിരുന്നത്.

ഇവിടെനിന്നാണ് അമൃത് പദ്ധതിയിൽ ബാക്കി സ്ഥലങ്ങളിലേക്ക് പൈപ്പിട്ടത്. ഒറ്റപ്പാലം, കണ്ണിയംപുറം ഭാഗങ്ങളിലേക്ക്‌ വെള്ളം വിതരണം തടസ്സപ്പെട്ടാലും ഈ ഭാഗത്തേക്ക് വിതരണം തടസ്സപ്പെടില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ ജലവിതരണം അവതാളത്തിലാവുകയായിരുന്നു.

ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് നവീകരണഭാഗമായി 14 ദിവസത്തോളം ജലവിതരണം നിർത്തിവെച്ചപ്പോൾപ്പോലും ഈ ഭാഗത്തേക്ക് വെള്ളമെത്തിയില്ല. നിലവിൽ സംഭരണിയിൽ നിന്ന് വരോട് മേഖലയിലേക്ക് വെള്ളം വിതരണംചെയ്യുമ്പോൾ തന്നെ തോട്ടക്കര മേഖലയിലേക്കും വിതരണംനടത്താൻ കഴിയും. എന്നാൽ, 4,000ത്തോളം പുതിയ കണക്ഷനുകൾ നൽകിയതും ഇരുഭാഗത്തേക്ക് വിതരണം നടത്തിയാൽ യഥാസമയം വിതരണം പൂർത്തിയാക്കാൻ കഴിയില്ലെന്നുമാണ് ജല അതോറിറ്റിയുടെ നിലപാടെന്ന് മയിലുംപുറം വാർഡ് കൗൺസിലർ കെ.ബി. ശശികുമാർ ആരോപിച്ചു.

പദ്ധതിയിൽ അഴിമതി ആരോപിച്ച്‌ വിജിലൻസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ശശികുമാർ.

അതേസമയം റോഡുനവീകരണഭാഗമായുള്ള പ്രവൃത്തികളിലാണെന്നും പ്രശ്നം പരിശോധിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജല അതോറിറ്റി അറിയിച്ചു.