തോട്ടക്കര മേഖലയിലെ കുടിവെള്ളപ്രശ്നം; പ്രദേശവാസികൾ കളക്ടറെ സമീപിച്ചു

ഒറ്റപ്പാലം : താലൂക്ക് ആശുപത്രിക്ക് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം എത്തിയിട്ട് മാസങ്ങൾ. പ്രദേശത്തെ ചില വീടുകളിലേക്കും വെള്ളം എത്തുന്നതിൽ പ്രശ്നമുണ്ട്. ഇതേത്തുടർന്ന് പരാതി പറഞ്ഞുമടുത്ത ജനങ്ങൾ ജില്ലാ കളക്ടറെ സമീപിച്ചു. പരാതിയിൽ ഇടപെട്ട കളക്ടർ ജല അതോറിറ്റി സുപ്രണ്ടിങ് എൻജിനിയറോട് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലൂടെയാണ്
പൈപ്പ് ലൈൻ പോകുന്നതെങ്കിലും ഒരുതുള്ളി വെള്ളം ടാപ്പിലൂടെ വരുന്നില്ല. ഇതുകാരണം സമീപത്തെ വീടുകളെയോ സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് വ്യാപാരികൾ. മാസങ്ങളായി ഇത് തുടരുന്നതിനാൽ വ്യാപാരികൾ ഏറെ ദുരിതത്തിലാണ്. ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ബുദ്ധിമുട്ടുന്നത്. ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി ജല അതോറിറ്റിയുടെ പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിച്ചുവരുന്നുണ്ട്. നഗരസഭ ഓഫീസിനുസമീപം വരെ പൈപ്പുകൾ മാറ്റി എങ്കിലും ഈ ഭാഗത്ത് കൂടെ ഇപ്പോഴും പഴയ പൈപ്പ് ലൈനിലൂടെയാണ് വിതരണം. എന്നാൽ മലിനജല സംസ്കരണ പ്ലാന്റിനുവേണ്ടി താലൂക്ക് ആശുപത്രി മുതൽ ഒറ്റപ്പാലം ടൗൺ വരെ പൈപ്പ് ലൈൻ വലിക്കാൻ പദ്ധതിയുണ്ട്. ഇത് നടപ്പാക്കുന്നതിലെ കാലതാമസം കാരണമാണ് ഈ ഭാഗത്തെ പൈപ്പ് ലൈനുകൾ മാറ്റാത്തത് എന്നാണ് വിവരം.
റോഡ് നവീകരണം കാരണം വരോട് നാലാം മൈൽ മുതൽ തോട്ടക്കര വരെ കഴിഞ്ഞ ഒരു വർഷമായി വെള്ളം ആവശ്യത്തിന് കിട്ടാത്ത സ്ഥിതിയാണ്.
ചില സ്ഥലങ്ങളിൽ പൈപ്പുകൾ മാറ്റി സ്ഥാപിച്ചതും ചിലത് മാറ്റി സ്ഥാപിക്കാത്തതും കാരണവും വെള്ളത്തിന്റെ ഫോഴ്സിൽ പഴയ ആസ്ബറ്റോസ് പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതുമാണ് മേഖലയിലെ കുടിവെള്ള വിതരണം പൂർണമായും താളംതെറ്റാൻ കാരണമാകുന്നതെന്ന് കൗൺസിലർ ടി.കെ. ജയശങ്കർ ആരോപിച്ചു. വെള്ളം വിതരണം തുടങ്ങിയാൽ തന്നെ അഞ്ചു മണിക്കൂറൊക്കെ കഴിഞ്ഞാണ് വാലറ്റ പ്രദേശങ്ങളിൽ വെള്ളം എത്തുന്നത്. ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നുമില്ല.
തുടർന്നാണ് ജനങ്ങൾ ഹർജിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. തോട്ടക്കര പോസ്റ്റ് ഓഫീസ് വാർഡിലെ 100 കണക്കിന് ജനങ്ങൾ ഒപ്പിട്ട ഹർജി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു. വരോട് മുതൽ തോട്ടക്കര വരെയുള്ള കുടിവെള്ള പ്രശ്നമാണ് ഉന്നയിച്ചത്.
(തുടരും)