കൊടുവായൂരിലേക്ക് വെള്ളമെത്തുമോയെന്ന് ആശങ്ക

കൊടുവായൂർ : ജലസേചനത്തിനായി മലമ്പുഴ ഡാംതുറന്നാലും കൊടുവായൂരിലെ 550 ഹെക്ടർ നെൽക്കൃഷിക്ക് അത് ഗുണമാകുന്നകാര്യം സംശയം. മലമ്പുഴ കാനാലിൽ മന്ദത്തുകാവ് മുതൽ വാലറ്റപ്രദേശമായ പല്ലശ്ശന, തളൂർ വരെയുള്ള കനാലിൽ ഒരാൾപ്പൊക്കത്തോളം ഉയരത്തിൽ പാഴ്ചെടികളും പുല്ലും വള്ളിപടർപ്പുകളും നിറഞ്ഞുനിൽക്കുകയാണ്. അതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമെന്നും സമയത്തിന് വെള്ളമെത്താൻ സാധ്യതയില്ലെന്നും കർഷകർ പറയുന്നു.

കൊടുവായൂർ കൃഷിഭവനുകീഴിൽ 550 ഹെക്ടർ നെൽക്കൃഷിയാണുള്ളത്. ഇതിൽ 400ഹെക്ടറിലും മലമ്പുഴവെള്ളത്തെ ആശ്രയിച്ചാണ് കൃഷി. മന്ദത്തുകാവ്, ഉമ്മത്തൻതോപ്പ്, മാനാംകുളമ്പ്, കാക്കയൂർ, പൊന്നുമംഗലം, തെക്കുംപുറം, തളൂർ, പല്ലശ്ശന തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളമെത്താൻ ദിവസങ്ങൾ പിടിക്കും. പാഴ്ചെടികൾ കനാലിൽ തിങ്ങിനിറഞ്ഞുനിൽക്കുന്നതിനാൽ വാലറ്റത്ത് വെള്ളമെത്തില്ലെന്ന് കർഷകർ പറയുന്നു.

കൃഷിഭവനുകീഴിലെ 11 പാടശേഖരസമിതികളിലെ കർഷകർക്കും ഇതുതന്നെയാണ് സ്ഥിതി.

മുൻകാലങ്ങളിൽ ജലസേചനവകുപ്പ് കനാലിലെ പാഴ്ചെടികൾ നീക്കാൻ കരാർ നൽകിയിരുന്നു. എന്നാൽ, ഇത്തവണ അതിനു കാലതാമസമുണ്ടായത് പ്രശ്നമാണെന്നു കർഷകർ പറയുന്നു. കനാലിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പാഴ്ചെടികൾ നീക്കാതെ വെള്ളം തുറന്നുവിട്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് ആക്ഷേപവുമുണ്ട്.

120 ദിവസത്തോളം മൂപ്പുള്ള നെല്ലാണ് മിക്ക കർഷകരും ഇറക്കിയിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ നെല്ല് വിളഞ്ഞ് പാകമാകാൻ ഇനിയും 30 ദിവസമെങ്കിലും വേണം. സ്വർണം പണയംവെച്ചും കടംവാങ്ങിയും കൃഷിയിറക്കിയ കർഷകർക്ക് ഒരുഗുണവും കിട്ടാത്തസ്ഥിതിയാണെന്ന് കൊടുവായൂർ കൃഷിഭവൻ പാടശേഖരസമിതിയിലെ പി.എ.സി. അംഗംകൂടിയായ പി. പ്രസാദ് പറയുന്നു.

അതേസമയം, രണ്ടാംവിളയ്ക്കുമുന്നോടിയായാണ് സാധാരണ ദർഘാസ് ക്ഷണിച്ച് കനാൽ വൃത്തിയാക്കാറുള്ളതെന്ന് മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഇക്കുറി കനാൽ നന്നാക്കുന്നുണ്ടെന്നും അടിയന്തരമായി 16-ന് മലമ്പുഴ ഡാം തുറക്കുന്നതിനാൽ കൊടുവായൂരിലെ വാലറ്റപ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം എത്തുന്നതിനു കനാലിലെ പ്രധാനതടസ്സങ്ങൾ നീക്കുമെന്നും ഇതിനുള്ള പണി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.