ബാൽരാജ് വീണ്ടും കണ്ടു, പറമ്പിക്കുളത്തിന്റെ പച്ചപ്പ്...

പാലക്കാട് : പറമ്പിക്കുളത്തെ എർത്ത്‌ഡാം കോളനിയിലെ ബാൽരാജ് പത്തുവർഷത്തിനുശേഷം കൺനിറയെ കാണുകയായിരുന്നു പറമ്പിക്കുളത്തിന്റെ പച്ചപ്പ്. ആ സന്തോഷത്തിനിടയ്ക്കാണ് വനംവകുപ്പ് ജീവനക്കാർ ബാൽരാജിനെ ഒരു വീഡിയോകോളിനു മുന്നിലെത്തിച്ചത്. കഴിഞ്ഞയാഴ്ച ശബ്ദംമാത്രംകേട്ട വനംമന്ത്രി ഷിബു ബേബിജോണിനെ കണ്ടപ്പോൾ ബാൽരാജിന് സന്തോഷം അടക്കാനായില്ല. “അന്ന് ഞാൻ കണ്ടിരുന്നല്ലോ. മറ്റേ കണ്ണുകൂടി നമുക്ക് നോക്കണം. അപ്പോൾ എല്ലാം ശരിയാവും” -ബാൽരാജിനെ മന്ത്രി ആശ്വസിപ്പിച്ചു.

ഈ മാസം പത്തിന് വാളയാറിലെ പാസിങ് ഔട്ട് പരേഡ്‌ കഴിഞ്ഞ്‌ മന്ത്രി ഷിബു ബേബിജോൺ പറമ്പിക്കുളത്തും എത്തിയിരുന്നു. അവിടെ എർത്ത്‌ഡാം കോളനിയിലെ മുതുവാൻ ഗോത്രവിഭാഗക്കാർ താമസിക്കുന്ന ഊര് സന്ദർശിച്ചപ്പോഴാണ് ബാൽരാജിനെ കാണുന്നത്.

നാട്ടുകാരോട് സംസാരിക്കുന്നതിനിടയിൽ, പ്രായമായ ഒരാൾ സദസ്സിൽനിന്ന് എഴുന്നേറ്റുനിന്ന് എന്തോ പറയാൻ ശ്രമിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന് മൈക്ക് നൽകാൻ നിർദേശിച്ചെങ്കിലും മൈക്ക് വാങ്ങിയില്ല. വീണ്ടും നൽകാൻ ആവശ്യപ്പെട്ടപ്പോഴാണ് ബാൽരാജിന് കാഴ്ചയില്ലെന്ന കാര്യം വ്യക്തമായത്. തൊട്ടടുത്ത ദിവസം പറമ്പിക്കുളത്ത് ഇന്ത്യൻ മെ‍ഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നിശ്ചയിച്ചിരുന്നു. ക്യാമ്പിന്റെ ഉദ്ഘാടകനായി പങ്കെടുത്ത മന്ത്രി, ഉൾവനത്തിൽ കഴിയുന്ന ബാൽരാജിനെ ഒരു പ്രത്യേക വാഹനത്തിൽ ക്യാമ്പിലെത്തിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ബാൽരാജിനെ പരിശോധിക്കുംമുൻപ്‌ കാഴ്ചയില്ലാത്തത് തിമിരംമൂലമാവണേ എന്ന പ്രാർഥനമാത്രമായിരുന്നു തനിക്കെന്ന് ഷിബു ബേബിജോൺ സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു.

പരിശോധനയിൽ ബാൽരാജിന് തിമിരമാണെന്ന് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ ഏറ്റെടുത്ത് നടത്തണമെന്ന മന്ത്രിയുടെ അഭ്യർഥനപ്രകാരം പാലക്കാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. വെള്ളിയാഴ്ച കണ്ണിന്റെ കെട്ടഴിച്ചു. വീട്ടിലെത്തിയശേഷമാണ് വീഡിയോകോളിലൂടെ മന്ത്രിയുമായി സംസാരിച്ചത്.