വക്കാവിൽ കുന്നിടിക്കലും മണ്ണെടുപ്പും തത്കാലം വേണ്ടാ

നിർത്തിവെക്കാൻ നിർദേശിച്ചത് ഗ്രാമപ്പഞ്ചായത്ത്
നെന്മാറ : മാലിന്യസംസ്‌കരണ പ്ലാന്റിനും വാതകശ്മശാനത്തിനും ഭീഷണിയായി നെന്മാറ വക്കാവിൽ അനധികൃതമായി കുന്നിടിച്ച് മണ്ണെടുക്കുന്നതായി പരാതി. വക്കാവിലെ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥിതിചെയ്യുന്ന കുന്നിനോടുചേർന്നുള്ള സ്വകാര്യഭൂമിയിലാണ് വ്യാപക മണ്ണെടുപ്പ് നടന്നത്.
സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ നൽകിയ പരാതിയിൽ നെന്മാറ ഗ്രാമപ്പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കുന്നിടിക്കലും മണ്ണെടുപ്പും നിർത്തിവെക്കാൻ നിർദേശംനൽകി.
ശനിയാഴ്ച അവധിദിവസത്തിൽ കുന്നിന്റെ ഒരുഭാഗം വ്യാപകമായി ഇടിച്ചുനിരത്തി മണ്ണ് നീക്കം ചെയ്തതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാലിന്യസംസ്‌കരണ പ്ലാന്റും വാതകശ്മശാനവും പ്രവർത്തിക്കുന്ന പ്രദേശത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് കുന്നിടിക്കുന്നത്.
വക്കാവിലെ കുന്നിൻമുകളിലാണ് ഗ്രാമപ്പഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥിതിചെയ്യുന്നത്. ഇതിനോടുചേർന്നുള്ള ഭാഗത്ത് വ്യാപകമായി മണ്ണ് നീക്കംചെയ്യുന്നത് കുന്നിന്റെ സ്വാഭാവികഘടനയെ ബാധിക്കും.
സംഭവത്തിൽ വില്ലേജ് അധികൃതർക്ക് പരാതി നൽകുമെന്നും ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും നെന്മാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ പറഞ്ഞു.