പ്രവാസിമലയാളി സംരംഭകർ കേരളത്തിൽ നിക്ഷേപം നടത്തണം -ടി.എസ്. പട്ടാഭിരാമൻ

കോയമ്പത്തൂർ : പ്രവാസിമലയാളികളായ സംരംഭകർ കേരളത്തിലും നിക്ഷേപം നടത്തണമെന്ന് കല്യാൺ സിൽക്‌സ് സ്ഥാപകൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ഇന്ത്യൻ റീജിയന്റെ പ്രഥമ ബിസിനസ് കോൺക്ലേവ് കോയമ്പത്തൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പുതിയ വ്യവസായ സൗഹൃദാന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടെന്നും പുതിയ നിക്ഷേപം നടത്തുന്നതിനെ സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 250-ലേറെ സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെ ഉപ ലോകായുക്ത ജസ്റ്റിസ്‌ അശോക് മേനോൻ, സംരംഭകരായ എം.എസ്. ഉണ്ണികൃഷ്ണൻ, ടി.പി. വിജയൻ, കണ്ണാട്ട് സുരേന്ദ്രൻ, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യൻ റീജിയൻ പ്രസിഡന്റ്‌ പി. പത്മകുമാർ, ചെയർമാൻ മോഹൻ ബി. നായർ, ഖജാൻജി അരുൾ തോമസ്, കെ. വിജയചന്ദ്രൻ, രാജൻ ആറുമുഖം, ഡോ. രാജേഷ് കുമാർ, നവാസ്, അഡ്വ. മുകുന്ദൻ എന്നിവർ സംസാരിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംരംഭകരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പ്രവാസിമലയാളി ബിസിനസ് സമൂഹത്തെ ഒരേ വേദിയിൽ അണിനിരത്തുന്നതിനാണ് പരിപാടിയെന്ന് സംഘാടകർ പറഞ്ഞു.

മാറുന്ന ലോകക്രമത്തിൽ ഇന്ത്യയുടെ വളർച്ച, ഇന്ത്യയിലെ അനന്തസാധ്യതകൾ, സുസ്ഥിരവളർച്ചയ്ക്കായുള്ള ധനകാര്യ മാനേജ്മെന്റ്, ബിസിനസിലെ തലമുറ കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ പ്രഭാഷണവും ഉണ്ടായിരുന്നു.