കാടുമൂടി പുഴയോര പാർക്കിനായി കണ്ടെത്തിയ സ്ഥലം

ഒറ്റപ്പാലം : പട്ടണത്തിൽ സായാഹ്നങ്ങൾ ചെലവഴിക്കാൻ ഒരിടം, കിഴക്കേ തോടിനുസമീപം കുട്ടികളുടെ പാർക്ക് ഒരുക്കാൻ പദ്ധതിയിടുമ്പോൾ ലക്ഷ്യമതായിരുന്നു. ഇതിനായി നിർമാണച്ചുമതലയുള്ള ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് നഗരസഭ സ്ഥലംകൈമാറിയിട്ട് വർഷം ഒന്നുകഴിഞ്ഞു. ഇപ്പോഴും നിർമാണംപോലും തുടങ്ങിയിട്ടില്ല. ഇതിനായി കണ്ടെത്തിയസ്ഥലം ആകെ കാടുപിടിച്ച് കിടക്കുന്ന സ്ഥിതിയാണ്.
2020-ലാണ് കിഴക്കേതോടിനും പാലത്തിനും സമീപത്തെ നഗരസഭയുടെ സ്ഥലത്ത് പാർക്ക് നിർമിക്കാൻ തീരുമാനിച്ചത്. ഒരുകോടി രൂപ ചെലവിൽ പാർക്ക് നിർമിക്കാനായിരുന്നു ലക്ഷ്യം. പിന്നീട്, കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ തോടിന് സംരക്ഷണഭിത്തികെട്ടി സ്ഥലമൊരുക്കി നൽകി. ഇതിനിടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു.
ഇത് പുനർനിർമിച്ചശേഷം കഴിഞ്ഞവർഷമാണ് സ്ഥലം നിർമാണത്തിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറിയത്. എന്നാൽ തറക്കല്ലിടൽ പോലും നടന്നില്ല.
ഒറ്റപ്പാലത്ത് സായാഹ്നങ്ങൾ ചെലവഴിക്കാനായൊരിടമില്ല. എല്ലാവരും മായന്നൂർ പാലത്തിലും ഭാരതപ്പുഴയിലെ മണൽതിട്ടകളിലുമാണ് സായാഹ്നങ്ങളിലിറങ്ങാറുള്ളത്. പാലത്തിൽ നിൽക്കുന്നത് പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാക്കാറുമുണ്ട്. ഇതെല്ലാം പരിഹരിക്കാനാണ് തോടിനു സമീപത്ത് പാർക്ക് ഒരുക്കാൻ തീരുമാനിച്ചിരുന്നത്.
തോടിന് കുറുകേ ചെറിയപാലം, കോഫി ഷോപ്പ്, പ്രഭാത-സായാഹ്ന നടത്തങ്ങൾക്ക് പറ്റിയ സൗകര്യങ്ങൾ, തോട്ടിൽ വെള്ളം നിലനിർത്താൻ തടയണ, ഇതിൽ ബോട്ടിങ് തുടങ്ങിയവയുൾപ്പെട്ടതാണ് പാർക്ക് പദ്ധതി.
ഈ പദ്ധതിയാണിപ്പോൾ കാടുമൂടി കിടക്കുന്നത്. പുതിയ സർക്കാർ വന്നതിന്റെ ഭാഗമായി ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കമ്മിറ്റി കൂടേണ്ടതുണ്ട്. ഇതിന് ശേഷമേ നിർമാണം തുടങ്ങുവെന്ന് നഗരസഭാധികൃതർ അറിയിച്ചു.