ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവതി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

ശ്രീകൃഷ്ണപുരം : മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ പിക്കപ്പ് വാൻ ലോറിയിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മാവൂർ അരയങ്കോട് കൈക്കലാട്ട് മേത്തൽ വീട്ടിൽ ശശികുമാറിന്റെ മകൾ ദേവിക (21) ആണ് മരിച്ചത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന അരുണിമ, അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ആറോടെ മംഗലാംകുന്നിന് സമീപം നിലവിളിക്കുന്ന് ഭാഗത്താണ് അപകടമുണ്ടായത്.

മൂവരും പിക്കപ്പ് വാനിൽ പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരി ഭാഗത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ എതിരെവന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിലേ വന്ന കാറിലും ഇടിച്ചു. ലോറിയിലും കാറിലുമുള്ളവർക്ക് പരിക്കില്ല.

പരിക്കേറ്റ അരുണിമയും അഭിജിത്തും മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അരുണിമയുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. അഭിജിത് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.