വരോട് മേഖലയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട്‌ ഒരുമാസം

ഒറ്റപ്പാലം : നവീകരണം നടക്കുന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി പാതയിൽ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വരോട് മേഖലയിലാണ് വ്യാപകമായി പൈപ്പ് പൊട്ടിയത്. ജല അതോറിറ്റിയെ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് വാർഡ് കൗൺസിലർ മുഹമ്മദലി നാലകത്ത് ആരോപിച്ചു.

അടുത്തിടെ പൈപ്പ് വർക്കുകൾ നടത്തിയ ഭാഗത്ത് ഉൾപ്പെടെയാണ് വെള്ളം വൻതോതിൽ പാഴായി കൊണ്ടിരിക്കുന്നത്. പലഭാഗത്തും പൈപ്പ് പൊട്ടി അഴുക്ക് ചാലിലൂടെയാണ് വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. വരോട് മദ്രസയ്ക്കു സമീപമാണ് അഴുക്ക് ചാലിലൂടെ വെള്ളം പാഴാകുന്നത്. ഇത് കൂടാതെ വരോട് യു.പി. സ്കൂളിന് സമീപം, റേഷൻഷോപ്പ് കുളച്ചാൽ റോഡിന് സമീപം, ഹൈസ്കൂളിന് സമീപം, മരപ്പാലം ഭാഗത്ത് തുടങ്ങി പത്തോളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടലുള്ളത്.

റോഡ് നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗങ്ങളിൽ പല സ്ഥലങ്ങളിലും പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരുന്നു. ഇതിനുശേഷവും പൊട്ടൽ ഉണ്ടായി വെള്ളം പാഴാകുന്ന പ്രശ്നം നിലച്ചിട്ടില്ല. ചില സ്ഥലങ്ങളിൽ പൈപ്പ് കൂട്ടിയോജിപ്പിച്ച ഭാഗങ്ങളിലും വെള്ളം ഒഴുകിപ്പോകുന്ന പ്രശ്നം ഉണ്ട്. മറ്റുചിലയിടങ്ങളിൽ മർദം താങ്ങാൻ കഴിയാതെ പൊട്ടുന്ന പ്രശ്നവുമുണ്ട്.

കഴിഞ്ഞാഴ്ചയിൽ പത്തു ദിവസത്തോളം ജലവിതരണം നിർത്തിവെച്ച്‌ വിതരണ ലൈനുകൾ മാറ്റിയിരുന്നു. ഇതിനുശേഷം വെള്ളം വിതരണം തുടങ്ങിയിട്ടും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിലേക്ക് എത്തുന്നില്ലെന്ന് പരാതിയുണ്ട്.

പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കണമെന്ന് മുഹമ്മദാലി നാലകത്ത് ആവശ്യപ്പെട്ടു.

രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ജല അതോറിറ്റി ഒറ്റപ്പാലം സെക്ഷൻ എ.ഇ. പറഞ്ഞു.