നാലുവർഷമായിട്ടും പൂർത്തിയാകാതെ നെന്മാറ-ഒലിപ്പാറ പാത നവീകരണം

ഒലിപ്പാറ : നവീകരണം തുടങ്ങി നാലുവർഷമായിട്ടും പണി പൂർത്തിയാവാത്ത പാതയിലൂടെ പൊടിശല്യവും ദുരിതയാത്രയുമായി അയിലൂരുകാർ. നെന്മാറ-ഒലിപ്പാറ പാതയുടെ നവീകരണമാണ് അനന്തമായി നീളുന്നത്.
കേന്ദ്ര സർക്കാറിന്റെ റോഡ് ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി 16.5 കോടിരൂപ ചെലവിൽ 10.8 കിലോമീറ്റർ പാത ദേശീയപാതാ നിലവാരത്തിൽ നവീകരിക്കാനായിരുന്നു പദ്ധതി. 2022-ൽ കൂടുതൽ തകർന്നഭാഗങ്ങൾ പൊളിച്ചു നീക്കുകയും കലുങ്കുകൾ നിർമിക്കുകയുംചെയ്തു. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞപ്രവൃത്തി മൂന്നുതവണ കരാർ കാലാവധി നീട്ടിനൽകിയിട്ടും പൂർത്തിയായില്ല.
നെന്മാറ മുതൽ തിരുവഴിയാട് വരെ 3.2 കിലോമീറ്റർ മാത്രമാണ് ടാറിങ് പൂർത്തിയായത്. തിരുവഴിയാട് മുതൽ ഒലിപ്പാറ വരെയുള്ള ഭാഗം നവീകരണത്തിന് പൊളിക്കുകകൂടി ചെയ്‌തോടെ പാത പൂർണ്ണമായും തകർന്ന് യാത്ര ദുരിതത്തിലുമായി.
22-ലധികം ബസുകൾ സർവീസ് നടത്തുന്ന പാതയാണിത്. നാലുവർഷമായിട്ടും നവീകരണം പൂർത്തിയാക്കാതെ വന്നതോടെ ഇതുവഴിയുള്ള യാത്ര, ദുരിതവും പൊടിശല്യവുംമൂലം ചെറുവാഹനങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുമായി.
മൂന്നുതവണ പാത നവീകരണം പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പു പറഞ്ഞുവെങ്കിലും നടപ്പായില്ല.
കരാറുകാരന്റെ അനാസ്ഥയാണ് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. കരാറുകാരനെ നഷ്ടം ഈടാക്കി കരാറിൽനിന്ന് ഒഴിവാക്കാനുള്ള നടപടിയും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
പാതനവീകരണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതി രൂപീകരിച്ച് ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുകയും ചെയ്തിരുന്നു.
സമരത്തിന് കോൺഗ്രസും
നെന്മാറ-ഒലിപ്പാറ പാത നവീകരണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസും സമരത്തിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഉൾപ്പെടെ നിവേദനംനൽകിയും നേരിൽക്കണ്ടും മാസങ്ങൾ പിന്നിട്ടിട്ടും തുടർപ്രവർത്തനം ഉണ്ടായിട്ടില്ല.
ഇതോടെയാണ് അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഗ്രാമപ്പഞ്ചായത്ത് കോൺഗ്രസ് ഭരണസമിതിയംഗങ്ങളുടെയും ജില്ലാപഞ്ചായത്തംഗത്തിന്റെയും നേതൃത്വത്തിൽ സമരത്തിനൊരുങ്ങുന്നത്.
പത്തുദിവസത്തിനുള്ളിൽ നവീകരണം ആരംഭിച്ചില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാവിഭാഗം സൂപ്രണ്ടിങ് എൻജിനിയർ ഓഫീസ് ഉപരോധമുൾപ്പെടെ നടത്തുമെന്ന് അയിലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വൈസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ, ജില്ലാപഞ്ചായത്തംഗം കെ.ജി. എൽദോ എന്നിവർ പറഞ്ഞു.