ദീപാവലി ചിട്ടി പദ്ധതി; 700 പേരിൽനിന്ന് 70 ലക്ഷം തട്ടിയെടുത്തതായി പരാതി

തിരുപ്പൂർ : തിരുപ്പൂരിലെ ഒരു കടയുടമ നടത്തിയ ദീപാവലി ചിട്ടി പദ്ധതിയിൽ പണം നിക്ഷേപിച്ചവരിൽനിന്ന് 70 ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. പണം വീണ്ടെടുത്തുതരണമെന്നാവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിനിധികൾ കളക്ടർ സി. മുത്തുകുമരന്‍ നിവേദനം നൽകി.
തിരുപ്പൂർ കൊങ്കുനഗറിലെ കടയുടമയാണ് ദീപാവലിക്കു തൊട്ടുമുൻപായി നിക്ഷേപിക്കുന്ന തുകയ്ക്ക് മികച്ച ആദായം വാഗ്ദാനംചെയ്തുകൊണ്ട് ഉത്സവ ചിട്ടി പദ്ധതിയുമായി രംഗത്തുവന്നത്. ദീപാവലിക്ക് ഉയർന്ന പലിശ സഹിതം തുക തിരികെനൽകാമെന്ന ഉറപ്പിൽ വിശ്വസിച്ചാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏതാണ്ട് 700 പേർ 70 ലക്ഷംരൂപയോളം നിക്ഷേപിച്ചതെന്ന് പറയുന്നു. ദീപാവലിയായപ്പോൾ കടയുടമ മുങ്ങുകയായിരുന്നെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. സ്വകാര്യവ്യക്തികൾ നടത്തുന്ന ധനപദ്ധതികൾക്ക് നിയമപരമായ സാധുതയില്ലെന്നും പൊതുജനങ്ങൾ അത്തരത്തിലുള്ളവയിൽ നിക്ഷേപിക്കരുതെന്നും തിരുപ്പൂർ പോലീസ് മുന്നറിയിപ്പുകൾ നൽകിയിരുന്നു.