പാടങ്ങൾ വിണ്ടുകീറിത്തുടങ്ങി, കർഷക പ്രതീക്ഷകൾ പതിരാകുന്നു

ചിറ്റിലഞ്ചേരി : ഏറെ പ്രതീക്ഷയോടെ വിത്തിറക്കിയ കർഷകർ അപ്രതീക്ഷിതമായി ഉണ്ടായ മഴക്കുറവിൽ പ്രതീക്ഷ കൈവിടുന്നു. മഴക്കുറവ് മൂലം വൈകി കൃഷിയിറക്കുകയും പിന്നീട് മഴയോടൊപ്പം നെൽച്ചെടികൾ വളരുകയും ചെയ്തു. വളപ്രയോഗവും കഴിഞ്ഞ് കതിർ വരുന്നസമയത്ത് വെള്ളമില്ലാതായതോടെ കതിരെല്ലാം പതിരായി മാറുമെന്ന സങ്കടത്തിലാണ് മേലാർകോട് കുണ്ടുപറമ്പിലെ കർഷക രാധ.
മഴമാറിയതോടെ ദിവസങ്ങൾക്കുള്ളിലാണ് പാടം വിണ്ടുതുടങ്ങിയത്. ഇനി ഈ സമയത്ത് വെള്ളം ലഭിക്കാതെ വന്നാൽ ഒന്നാംവിള കൃഷിതന്നെ നഷ്ടത്തിലാകുമെന്നും രാധ പറയുന്നു. മഴ കനിഞ്ഞില്ലെങ്കിൽ പോത്തുണ്ടി അണക്കെട്ടിൽനിന്നുള്ള ജലവിതരണമാണ് പ്രതീക്ഷയുള്ളത്. അതും ലഭിച്ചില്ലെങ്കിൽ കൃഷി രക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പോത്തുണ്ടിയിൽനിന്നാണ് നെന്മാറ, അയിലൂർ, മേലാർകോട്, വണ്ടാഴി, വടക്കഞ്ചേരി, പല്ലശ്ശന, എരിമയൂർ കൃഷിഭവനുകളിലെ പാടശേഖരങ്ങളിലേക്ക് ജലസേചനം നടത്തുന്നത്. 55 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 40 അടിയാണ് വെള്ളമുള്ളത്.
ഇപ്പോൾതന്നെ അയിലൂരിലെ ബ്രാഹ്‌മണ്യാപുരം, പുതുച്ചി, ചീതാവ്, മുതുകുന്നി, പാലമൊക്ക് തുടങ്ങിയ വാലറ്റപ്രദേശങ്ങളിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്.
പോത്തുണ്ടി കനാൽ കമ്മിറ്റി യോഗം ബുധനാഴ്ച
പോത്തുണ്ടി ജലസേചനപദ്ധതിയുടെ കാർഷിക കലണ്ടർ തയ്യാറാക്കുന്നതിനും ഉപദേശക സമിതിയംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുമായി ബുധനാഴ്ച കനാൽ കമ്മിറ്റി യോഗം ചേരും. ഒന്നാംവിള നെൽക്കൃഷിക്കും ജലവിതരണം നടത്തണമെന്ന് ഇടതു-വലതു കനാലുകൾക്ക് കീഴിലുള്ള പാടശേഖരസമിതികളുടെ ആവശ്യമുയർന്നതോടെയാണ് യോഗം ചേരുന്നത്. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 11-നാണ് യോഗമെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.