ചിന്നമുത്തൂർ തടയണപ്പാലത്തിന്റെ തൂണുകളിൽ വിള്ളൽ

ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

തിരുപ്പൂർ : ജില്ലയിലെ ചിന്നമുത്തൂരിൽ നൊയ്യൽനദിക്ക് കുറുകെയുള്ള തടയണയോടുചേർന്നുള്ള പാലത്തിൽ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജലവിഭവ വകുപ്പ്. പാലത്തിന്റെ ഒൻപത് തൂണുകളിൽ മൂന്നെണ്ണത്തിൽ കാലപ്പഴക്കംമൂലമുള്ള വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഭാഗികനിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചരക്കുവാഹനങ്ങൾ പോകാതിരിക്കാൻ പാലത്തിൽ നിശ്ചിത ഉയരത്തിലുള്ള ഇരുമ്പ് കമ്പികൾ സ്ഥാപിച്ചിരിക്കയാണ്.

1992-ലാണ് 13.51 കോടിരൂപ ചെലവിൽ തടയണയും പാലവും നിർമിച്ചത്. ഒൻപത് ഷട്ടറുകളോട് കൂടിയ തടയണ ഉപയോഗപ്പെടുത്തിയാണ് കനാൽവഴി 10 കിലോമീറ്റർ അകലെയുള്ള കരൂർ ജില്ലയിലെ ആത്തുപ്പാളയം അണക്കെട്ടിലേക്ക് വെള്ളം തിരിച്ചുവിടുന്നത്. തിരുപ്പൂർജില്ലയിൽനിന്ന് ഈറോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ പാലം സഹായകരമാണ്. ഇതിലൂടെയാണ് കഴിഞ്ഞദിവസംവരെ ലോറികളും മിനി ബസുകളും പോയിരുന്നത്.

നിയന്ത്രണംവന്നതോടെ കാർ, മോട്ടോർസൈക്കിൾ, ചെറിയ ചരക്ക് ഓട്ടോ എന്നിവയ്ക്ക് മാത്രമേ പാലത്തിലൂടെ യാത്രചെയ്യാനാകൂ.