മഴക്കുറവ്; കൂർക്ക വിളവെടുപ്പ് വൈകുന്നു

ആലത്തൂർ : കാലവർഷത്തിലെ വ്യതിയാനം കൂർക്കക്കൃഷിയെയും ബാധിക്കുന്നു. പാട്ടത്തിനെടുത്ത് ഏക്കറുകണക്കിന് കണ്ടത്തിൽ ഒന്നാംവിള നെൽക്കൃഷിക്കുപകരം കൂർക്ക വെച്ചവർ പ്രതിസന്ധിയിലായി. കൂർക്ക വിളവെടുക്കാനാകുന്നുമില്ല. രണ്ടാംവിള നെൽക്കൃഷിയുടെ പണിതുടങ്ങേണ്ട സമയം കഴിയുകയും ചെയ്തു. കൂർക്കക്കിഴങ്ങ് കിളച്ചെടുത്താലേ രണ്ടാംവിള നെൽക്കൃഷിയുടെ പണി തുടങ്ങാനാകൂ.
രണ്ടാംവിളയിറക്കാൻ വൈകിയാൽ കനാൽവെള്ളം കിട്ടാതെ കൃഷി നശിച്ചേക്കും.
മഴകുറഞ്ഞതുമൂലം കൂർക്ക തളിരുവരാതെ മുരടിച്ചുനിൽക്കയാണ്. പുല്ലുപറിക്കുന്നതിനും മണ്ണുകൂട്ടുന്നതിനും കർഷകർക്ക് കഴിയാതെവന്നു. ഏരിമാടലും കൂർക്കത്തല നടീലും വളമിടലും പാട്ടത്തുക നൽകലുമായി വലിയതുക മുതൽമുടക്കിയ ശേഷമാണ് ഈ അവസ്ഥ.
സീസൺ തുടങ്ങുന്നതിനുമുൻപ് വിളവെടുക്കാനായാൽ കിലോഗ്രാമിന് 60-70 രൂപ ലഭിക്കുമായിരുന്നു. കൂർക്കക്കിഴങ്ങിന്റെ വലുപ്പത്തിന് അനുസരിച്ച് ആവശ്യക്കാർ കൂടും. എന്നാൽ, കൂർക്കച്ചെടി തളിർപൊട്ടാതെ മുരടിച്ചുനിൽക്കുന്നതിനാൽ വലുപ്പമുള്ള കിഴങ്ങ് ലഭിക്കില്ല.
കൂർക്ക കിളയ്ക്കാൻ സ്ത്രീകൾക്ക് 450 രൂപയും പുരുഷന്മാർക്ക് 700 രൂപയും കൂലിനൽകണം. ഇനി കൂർക്ക വിളവെടുത്ത് മൊത്തക്കച്ചവടക്കാർക്ക് കൊടുക്കുമ്പോഴേക്കും ഇത്തവണ നഷ്ടം വരുന്ന സ്ഥിതിയാണ്. അണക്കെട്ടുകളിൽ വെള്ളം കുറവായതിനാൽ നെൽക്കൃഷി ഇറക്കിയാൽ ആ നഷ്ടം കൂടി നേരിടേണ്ടിവരുമോയെന്നാണ് കർഷകരുടെ ആശങ്ക.