റെയിൽവേ ഡിവിഷൻ വിഭജനം തന്ത്രപരമായ കൊലയെന്ന് ബിനോയ് വിശ്വം

സി.പി.െഎ. ഏകദിന ഉപവാസംനടത്തി

പാലക്കാട് : പാലക്കാട് റെയിൽവേ ഡിവിഷൻവിഭജനം കേന്ദ്രസർക്കാരിന്റെ തന്ത്രപരമായ കൊലയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മംഗളൂരുമേഖലയെ മൈസൂരു ഡിവിഷനോടൊപ്പം ചേർക്കുന്നതിനെതിരേ സി.പി.ഐ. നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

‘മെല്ലെമെല്ലെ വിഷംപടർത്തുന്ന നയമാണ് റെയിൽവേവിഭജനത്തിൽ കേന്ദ്രസർക്കാരിന്റേത്. എന്നാൽ, ഈ വിഷം പാലക്കാടിനെ ബാധിക്കുന്നത് മെല്ലെയാകില്ല. ഇപ്പോഴത്തെ വിഭജനം ചരക്കുനീക്കവും വരുമാനവും ലഭിക്കുന്ന പ്രധാനഭാഗങ്ങൾ മാറ്റി ഡിവിഷനെ പൂർണമായും ഇല്ലാതാക്കാൻ വഴിവെക്കും”. ചെറിയദൂരം മാത്രമേ വിഭജിക്കാൻ പോകുന്നുള്ളൂവെന്ന് പറയുമ്പോഴും ഈ ഡിവിഷൻ മുന്നോട്ടുപോകാൻ വേണ്ട ചരക്ക് ഗതാഗതംനടത്തുന്ന കേന്ദ്രങ്ങളാണ് വെട്ടിച്ചുരുക്കപ്പെട്ട മേഖലയെന്നും എല്ലാ തരത്തിലും ഈ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാസെക്രട്ടറി സുമലതാ മോഹൻദാസ് അധ്യക്ഷയായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി. സുരേഷ് രാജ്, മുതിർന്നനേതാവ് വി. ചാമുണ്ണി, വിജയൻ കുനിശ്ശേരി, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി. സിദ്ധാർഥൻ, പൊറ്റശ്ശേരി മണികണ്ഠൻ, ഒ.കെ. സെയ്തലവി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ., കെ. ഷാജഹാൻ എന്നിവർ സംസാരിച്ചു.